മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നത്; കള്ളക്കളികള്‍ ഇനിയും പുറത്തുവരാനുണ്ട്: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, September 19, 2022

ആലപ്പുഴ: ഗവർണർ-സിപിഎം കള്ളക്കളിയുടെ തുമ്പ് മാത്രമാണ് പുറത്തുവന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. വിസി നിയമനത്തിൽ മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തി. ഗവർണറുമായി ചേർന്ന് രണ്ട് വർഷം നടത്തിയത് നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ്. ഗവർണറുടെ ആരോപണങ്ങൾക്ക് ഉത്തരം നൽകാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. കള്ളക്കളികൾ ഇനിയും പുറത്തുവരാനുണ്ട്. പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. വിവാദ ബില്ലുകളില്‍ ഒപ്പിടില്ല എന്ന് ഗവർണര്‍ പറഞ്ഞതിനെ പിന്തുണയ്ക്കുന്നുവെന്നും ആർഎസ്എസ് മേധാവിയെ കണ്ടത് പ്രോട്ടോക്കോൾ വിരുദ്ധമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

“ഞാൻ പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ഈ ഗവർണറെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം അവതരിപ്പിക്കുകയുണ്ടായി. അന്ന് പൗരത്വഭേദഗതി യുമായി ബന്ധപ്പെട്ടായിരുന്നു ആ പ്രമേയം. അന്ന് ഗവർണറെ പരിപൂർണമായി പിന്തുണച്ച ആളുകളാണ് സിപിഎമ്മും ഇടതുപക്ഷമുന്നണിയും. എല്ലാ വിധത്തിലുളള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത സർക്കാരിനെയാണ് ഇപ്പോൾ ഗവർണർ നിശിതമായി വിമർശിക്കുന്നത്. മുഖ്യമന്ത്രി നടത്തിയ അധികാര ദുർവിനിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ ഗവർണറും കുറ്റക്കാരനാണ്. സർവകലാശാലകളെ സ്വന്തം കൈപ്പിടിയിലൊതുക്കുവാനും ഇഷ്ടക്കാരെയും സ്വന്തക്കാരെയും നിയമിക്കുവാനുമുളള സർക്കാരിന്‍റെ അല്ലെങ്കിൽ പാർട്ടിയുടെ താത്പര്യമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. കഴിഞ്ഞ പല വർഷങ്ങളായി ഇവർ രണ്ടുപേരും ചേർന്നു നടത്തിയ ഓരോ കാര്യങ്ങളും പുറത്തു വരേണ്ടതായിട്ടുണ്ട്. ഞങ്ങൾക്ക് ഗവർണറെ പിന്തുണയ്ക്കേണ്ട യാതൊരു കാര്യവുമില്ല. ഇവിടെ രണ്ട് ബില്ലുകളുടെ കാര്യത്തിൽ ഗവർണർ ഒപ്പിടില്ല എന്ന് പറഞ്ഞു. ഇത് നിയമവിരുദ്ധമാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞതാണ്. മാത്രവുമല്ല ലോകായുക്തയുടെ അധികാരം മുഴുവൻ കളയുന്ന കറുത്ത ബില്ലാണ് നിയമമാക്കുവാൻ സർക്കാർ ശ്രമിച്ചത്. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇത് ഒപ്പിടില്ല എന്നുളള തീരുമാനത്തിൽ ഗവർണർ ഉറച്ച് നിൽക്കണം” – രമേശ് ചെന്നിത്തല പറഞ്ഞു.