തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയതിന് പിന്നില്‍ ബിജെപി-സിപിഎം ഒത്തുകളിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. തൃശൂര്‍ വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും അറിവോടെയുമാണെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ പ്രതി ചേര്‍ക്കാതിരുന്ന ഇഡിയുടേത് അതീവ ഗുരുതരമായ വീഴ്ചയാണ്. ഇതിനെതിരെ വിചാരണവേളയില്‍ കോണ്‍ഗ്രസ് കക്ഷിചേരുമെന്നും കെ സുധാകരന്‍ എംപി വ്യക്തമാക്കി.
ലൈഫ് മിഷന്‍ സിഇഒയുമായി ധാരാണാപത്രത്തില്‍ ഒപ്പുവെച്ചശേഷം ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി, ശിവശങ്കര്‍, യുഎഇ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, സ്വപ്‌നാ സുരേഷ് എന്നിവര്‍ മാത്രം ചേര്‍ന്ന് ധാരണാപത്രത്തിനു വിരുദ്ധമായി നിര്‍മാണക്കരാര്‍ കണ്ടെത്താന്‍ കോണ്‍സുല്‍ ജനറലിനെ ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്‍റെ ടെണ്ടര്‍ നടപടികളിലൂടെ പോയാല്‍ പദ്ധതി തുകയില്‍നിന്ന് കൈക്കൂലി തുക മാറ്റാന്‍ ബുദ്ധിമുട്ടാകും എന്നു മുഖ്യമന്ത്രി പറഞ്ഞതിനെ തുടര്‍ന്നാണിതെന്ന് കുറ്റപത്രത്തിലുണ്ട്. ഇതാണ് ലൈഫ് മിഷന്‍ ഇടപാടിലെ നിര്‍ണായക സംഭവം. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലുകള്‍ കുറ്റപത്രത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ജയിലില്‍ കഴിയുമ്പോള്‍ ഇഡി മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതു പോലുമില്ല. 11 പ്രതികളുള്ള കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതിയായി വരേണ്ട കേസാണിത്. ബിജെപിയുമായി മറ്റൊരു ഒത്തുകളി നടത്തിയാണ് മുഖ്യമന്ത്രിയെ കേസില്‍ നിന്ന് ഒഴിവാക്കിയത്. നിയമം നിയത്തിന്‍റെ വഴിക്കല്ല പിണറായിയുടെ വഴിക്കാണ് പോകുന്നത്. വഴിയെ പോകുന്നവരുടെ വരെ മൊഴിയെടുത്ത് കേസെടുക്കുന്ന പിണറായിക്കും ഇഡിക്കും സ്വന്തംകാര്യം വരുമ്പോള്‍ നിയമം ഏട്ടിലെ പശുവാണെന്നും കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി.
കുറ്റപത്രത്തില്‍ കാര്യങ്ങളെല്ലാം വിശദമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും അതനുസരിച്ചുള്ള നടപടികള്‍ ഉണ്ടായില്ല. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി മൂലമാണിതെന്നും ഇഡിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിക്കുന്നതെന്നും കെ സുധാകരന്‍ എംപി പറഞ്ഞു.