മുഖ്യമന്ത്രിയുടെ പശുക്കള്‍ ഇനി 43 ലക്ഷത്തിന്‍റെ പുതിയ തൊഴുത്തില്‍; 6 പശുക്കളെ ഇങ്ങോട്ടേക്ക് മാറ്റി

Jaihind Webdesk
Saturday, December 17, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ 43 ലക്ഷത്തോളം മുടക്കി നിർമ്മിച്ച പുതിയ തൊഴുത്തിലേക്ക് 6 പശുക്കളെ മാറ്റി. 42.90 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച തൊഴുത്തി‍ന്‍റെ നിർമ്മാണം പൂർത്തിയായതോടെയാണ് 6 പശുക്കളെ ഇവിടേ‍ക്ക് മാറ്റിയത്. 2 പശുക്കളും 4 കന്നുകുട്ടികളും പഴയ തൊഴുത്തില്‍ തുടരും.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ക്ലിഫ് ഹൗസിൽ തൊഴുത്തിനും ചുറ്റുമതില്‍ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചത്. ഓടു മേഞ്ഞതാണ് പുതിയ തൊഴുത്ത്. ജീവനക്കാരുടെ ക്വാർട്ടേഴ്സിനായി ഒരു നില കൂടി പണിയാനും ആലോചനയുണ്ട്. 8 പശുക്കളും 4 കന്നുക്കുട്ടി‍കളുമാണ് ക്ലിഫ്ഹൗ‍സിലുള്ളത്. ഇതില്‍ ആറ് പശുക്കളെയാണ് പുതിയ തൊഴുത്തിലേക്ക് മാറ്റിയത്. 6 പശുക്കളെ പാർപ്പിക്കാവുന്ന 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള തൊഴുത്തില്‍ നാല് ഫാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തൊഴു‍ത്തിനോട് ചേർന്ന് കാലിത്തീറ്റയും മറ്റും സൂക്ഷിക്കാൻ മുറിയും തൊഴിലാളികൾക്കായി വിശ്രമമുറിയും നിർമ്മിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം 2 മാസം കൊണ്ടാണ് തൊഴു‍ത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്.

ആകെ രണ്ട് നിലയുള്ള ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി 25.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റ നിർമാണപ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 31.92 ലക്ഷം രൂപ അനുവദിച്ചതിന്‍റെ കണക്കുകളും പുറത്തുവന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിക്കുമ്പോഴും ധൂർത്തും ആഡംബരവും തുടരുന്ന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.