P.K KUNHALIKUTTY| മുഖ്യമന്ത്രിയുടേത് അപകടകരമായ പ്രഖ്യാപനം; ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് തിരഞ്ഞെടുപ്പ് വിജയം ഉണ്ടാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി

Jaihind News Bureau
Saturday, November 1, 2025

കേരളപ്പിറവി ദിനത്തില്‍ അപകടകരമായ പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ തന്നെ പല ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന നിലപാടാണ് പല പദ്ധതികളിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പിന്നാക്കാവസ്ഥയുണ്ടെന്ന് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി വാദിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം. ഒരു ആനുകൂല്യങ്ങളും ആവശ്യമില്ല, സമ്പന്ന സംസ്ഥാനമാണെന്ന തെറ്റായ പ്രഖ്യാപനം അപകടകരമാണ്. ഇത് പല പദ്ധതികളെയും കുഴപ്പത്തിലാക്കും. നിലവില്‍ കൊടുക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കാന്‍ തന്നെ പണമില്ലാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് കാലത്ത് 2500 കൊടുക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ 2000 രൂപ നല്‍കുമെന്ന് പറയുന്നത് തട്ടിപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പിന്റെ തലേന്ന് ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് നടത്തുന്ന പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്തെ കുഴപ്പത്തിലാക്കും. കേന്ദ്ര സര്‍ക്കാരിന് അവസരമുണ്ടാക്കി കൊടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പ്രഖ്യാപനങ്ങള്‍ കൊണ്ട് എല്‍.ഡി.എഫ് കരുതുന്ന ഒരു തിരഞ്ഞെടുപ്പ് വിജയവും അവര്‍ക്കുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അനൂപ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞത്:

സമ്പൂര്‍ണമായ തട്ടിപ്പ് പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ പ്രഖ്യാപനത്തിലേക്ക് വന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 5,91,194 എ.എ.വൈ കാര്‍ഡുടമകള്‍ക്കുള്ള റേഷന്‍ പോലും ഇല്ലാതാകുന്ന അവസ്ഥയാണ്. അര്‍ഹമായ പല ആനുകൂല്യങ്ങളും ഇല്ലാതാകുമെന്നും അനൂപ് ജേക്കബ് പറഞ്ഞു.