മലപ്പുറത്തെ താറടിച്ചു കാണിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി സ്ഥാനമൊഴിയണം; ജുഡീഷ്യൽ അന്വേഷണത്തിന് ധൈര്യമുണ്ടോ?’; പി.വി. അന്‍വര്‍

 

നിലമ്പൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലതെന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും പിആര്‍ ഏജന്‍സി ഉണ്ടെന്ന് തെളിഞ്ഞതായും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ദ് ഹിന്ദു’ ദിനപത്രത്തിന് മുഖ്യമന്ത്രി  കത്തെഴുത്തിയത് നാടകമാണെന്നും ‘ഞാൻ പറഞ്ഞ വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ ധൈര്യമുണ്ടോ എന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രി പറഞ്ഞത് തെറ്റായിരുന്നെങ്കിൽ വാർത്ത വരുമ്പോൾ കത്തയയ്ക്കണമായിരുന്നു. വലിയ വിവാദമായ ശേഷമാണ് ഹിന്ദുവിന് കത്തയച്ചത്. കാര്യങ്ങൾ കൈവിട്ടപ്പോഴാണ് സംഭവത്തിൽ വ്യക്തത വരുത്തിയത്. ഈയിടെയായി മലപ്പുറം ജില്ലയെ കുറിച്ച് അദ്ദേഹത്തിന്‍റെ സ്ഥിരമായ അഭിപ്രായമാണിത്. മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ദേശദ്രോഹികളുടെ താവളമാണെന്ന് ഇന്ത്യയെ മൊത്തം അറിയിക്കാനാണ് ഇംഗ്ലീഷ് ദിനപത്രമായ ഹിന്ദുവിന് ഡൽഹിയിൽ വെച്ച് ഇന്‍റർവ്യൂ കൊടുത്തത്. ബിജെപി ​ഓഫിസിലും ആർഎസ്എസ് കേന്ദ്രത്തിലും അത് ചർച്ചയാവണമെന്ന ഉദ്ദേശത്തിലാണ് ആ അഭിമുഖം. മുഖ്യമന്ത്രിയുടെ അഭിമുഖത്തിന്‍റെ റെക്കോർഡ് പുറത്ത് വിടണമെന്നും അൻവര്‍ ആവശ്യപ്പെട്ടു.

കേരളത്തിൽ ശ്രദ്ധിക്കപെടാതെ പോവുകയും അവര്‍ ലക്ഷ്യം വയ്ക്കുന്നവരില്‍ എത്തിക്കാന്‍ കഴിയുമെന്നതിനാലാണ് ഹിന്ദുവിനെ അഭിമുഖത്തിനായി സമീപിച്ചത്. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്നതാണ് നല്ലത്. വസ്തുതകൾ തെളിയുന്നത് വരെ മാറി നിൽക്കുമെന്ന് പറഞ്ഞാൽ കേരള ജനതക്ക് മുഖ്യമന്ത്രിയോട് ഉള്ള ബഹുമാനം വർധിക്കും. ജമാഅത്തെ ഇസ്‌ലാമി അത്ര ശക്തമാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് ജമാഅത്തെ ഇസ്‌ലാമി അമീറിനെ ഭരണം ഏൽപ്പിക്കട്ടെ. പിണറായി വിജയൻ ഭരണം നടത്തുന്നതിനെക്കാൾ റിയാസിനെ ഭരണം ഏൽപ്പിക്കുന്നതാണ് നല്ലതെന്നും അന്‍വര്‍ പറഞ്ഞു.

‘ഞാൻ പറഞ്ഞ വിഷയങ്ങളിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ വെല്ലുവിളിക്കുന്നു. അതിൽ എന്നെയും ഉൾപ്പെടുത്തിക്കോളൂ. കള്ളക്കടത്ത് സ്വർണം ​ആര്, ആർക്ക് ​കൊണ്ടുവരുന്നു എന്ന് സർക്കാർ ഇതുവരെ അന്വേഷിച്ചോ? വിദേശത്ത് നിന്ന് കൊണ്ടുവരുന്നതായതിനാൽ ആര് കൊടുത്തുവിടുന്നുവെന്നത് കണ്ടുപിടിക്കാൻ പ്രയാസമായിരിക്കും. എന്നാൽ, ഇവിടെ എത്തിക്കുന്ന സ്വർണം ആരാണ് കൈപ്പറ്റുന്നത് എന്ന് കണ്ടെത്താൻ പോലീസിന് കഴിയുമല്ലോ? എന്താണ് ആ വഴിക്ക് അന്വേഷണം നടത്താത്തത്?എന്നും അന്‍വര്‍ ചോദിച്ചു.

അതേസമയം ആര്‍എസ്എസ് – ബിജെപിയുമായി സഹകരിച്ചാൽ മാത്രമെ നേട്ടം ഉണ്ടാകൂ എന്ന തെറ്റായ ധാരണയാണ് സിപിഎമ്മിനുള്ളത്. മുസ്‍ലിം പ്രീണനമല്ല ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം. പോലീസ് നിലപാട് , സർക്കാർ ജനവിരുദ്ധമായത് തുടങ്ങിയവയാണ് തോൽവിക്ക് കാരണമെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി . അടിമകളാകുന്നതിന് ഒരു പരിധിയുണ്ടെന്നും അൻവർ പറഞ്ഞു.

 

Comments (0)
Add Comment