ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. എഡിജിപി അജിത് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയാണെന്നും പ്രതിനിധികള്‍ ആരോപിച്ചു. പൂരം കലക്കിയതും തുടര്‍ന്ന് തൃശൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പരാജയവുമാണ് ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസം രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ ആഭ്യന്തര വകുപ്പിനെയും സര്‍ക്കാരിനെയും വെള്ളപൂശുന്ന സമീപനമാണ് ബിനോയ് വിശ്വം സ്വീകരിച്ചതെന്നും, സംസ്ഥാന കൗണ്‍സിലില്‍ പോലും ഇത് ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി വിമര്‍ശനങ്ങള്‍ ഒഴിവാക്കുകയായിരുന്നുവെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഇന്നലെ ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ആഭ്യന്തര വകുപ്പിനെയും പോലീസിനെയും വെള്ളപൂശിയതിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്.
കൊല്ലത്തുനിന്നുള്ള പ്രതിനിധികള്‍ എം.ആര്‍. അജിത് കുമാര്‍ ചെയ്യുന്നതിനെയെല്ലാം സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് കുറ്റപ്പെടുത്തി. ആഭ്യന്തര വകുപ്പിനെ ബിനോയ് വിശ്വം സംരക്ഷിക്കുന്നു എന്ന രീതിയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സമ്മേളനത്തില്‍ ധനവകുപ്പിനെതിരെയും വിമര്‍ശനങ്ങളുണ്ടായി. ധനമന്ത്രി മന്ത്രിമാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ പക്ഷഭേദം കാണിക്കുന്നുവെന്നും സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് വേണ്ടത്ര പണം ലഭിക്കുന്നില്ലെന്നും ആരോപണമുയര്‍ന്നു. ധനവകുപ്പ് അവഗണിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്ത് ഫണ്ട് വാങ്ങി എടുക്കാനുള്ള ആര്‍ജവം സിപിഐ മന്ത്രിമാര്‍ കാണിക്കണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.