‘മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല, എന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍

Jaihind Webdesk
Thursday, October 10, 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്തിന് എതിരായ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്നും ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

വ്യാപകമായ സ്വര്‍ണക്കടത്ത് കേരളത്തിനെതിരായതു മാത്രമല്ല രാജ്യത്തിനെതിരായ കുറ്റകൃത്യം കൂടിയാണ്. അക്കാര്യം മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ അത് രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് എന്റെ ചുമതല. ഇതുസംബന്ധിച്ച് എന്നെ പൂര്‍ണമായി ഇരുട്ടില്‍നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

ദേശദ്രോഹ കുറ്റകൃത്യം നടന്നെങ്കില്‍ അത് മുഖ്യമന്ത്രി അറിയിക്കണമായിരുന്നു. അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കില്‍ എന്തുകൊണ്ട് ദ ഹിന്ദു പത്രത്തിനെതിരെ നടപയിയില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി. താന്‍ ചീഫ് സെക്രട്ടറിയെ വിശദീകരണം തേടുന്നതിനായി വിളിപ്പിച്ചാല്‍ എന്താണ് കുഴപ്പം?. എന്തിനാണ് രാജ്ഭവനോട് പ്രശ്‌നം?. മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോട് അല്ലാതെ മറ്റാരോട് ചോദിക്കും? എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്നും ഗവര്‍ണര്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി പിആര്‍ ഏജന്‍സി സമീപിച്ചതാണെന്നും അഭിമുഖ സമയത്ത് പിആര്‍ ഏജന്‍സിയുടെ രണ്ട് പ്രതിനിധികള്‍ ഒപ്പമുണ്ടായിരുന്നുവെന്നും പത്രം പറയുന്നു. ഒരു പിആര്‍ ഏജന്‍സിയെയും വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കില്‍ എന്തു നടപടിയാണ് പത്രത്തിനെതിരെ എടുത്തത്. ഹിന്ദു പറഞ്ഞത് എന്തുകൊണ്ടാണ് നിഷേധിക്കാതിരുന്നത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസ്യത ഇല്ല.

ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്പിക്കാന്‍ ചീഫ് സെക്രട്ടറി രാജ്ഭവനില്‍ വന്നിരുന്നു. മുഖ്യമന്ത്രി അക്കാര്യം അറിയിച്ചിരുന്നില്ല. എന്നാല്‍ രാജ്യത്തിനെതിരായ കുറ്റകൃത്യം സംബന്ധിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ അയയ്ക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. സര്‍ക്കാരിന്റെ ആവശ്യത്തിനായി രാജ്ഭവനിലെത്തിയവര്‍ക്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ വരാന്‍ ‘കോംപ്ലക്‌സാ’ണെന്നും ഗവര്‍ണര്‍ പറഞ്ഞു.