തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം വളച്ചൊടിച്ചതാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദ്ദേശത്തോടെ വര്‍ഗീയമായി വളച്ചൊടിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞത് മലപ്പുറത്തെക്കുറിച്ച് അല്ലെന്നും കള്ളക്കടത്ത് സ്വര്‍ണ്ണം എന്തിന് ഉപയോഗിക്കുന്നു എന്ന് മാത്രമാണെന്നും എംബി രാജേഷ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയെക്കുറിച്ചല്ല പറഞ്ഞത്. കള്ളക്കടത്തിനെ ആണ് മുഖ്യമന്ത്രി എതിര്‍ത്തത്. കള്ളക്കടത്തിനെ എതിര്‍ക്കുമ്പോള്‍ ഏതെങ്കിലും ജില്ലയെ പഴി ചാരുന്നവരാണ് സങ്കുചിത രാഷ്ട്രീയത്തിനായി ജില്ലയെ അപമാനിക്കുന്നത്. പ്രതിനായകനായിരുന്ന അന്‍വര്‍ മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ താരമായി. ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞാല്‍ മാധ്യമങ്ങള്‍ തലയില്‍ ചുമന്ന് നടക്കുമെന്നും മന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 150 കിലോ കോടിയുടെ സ്വര്‍ണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറം ജില്ലയില്‍നിന്ന് പിടികൂടിയെന്നും ഇവ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ ദി ഹിന്ദു ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്. സംഘപരിവാറിന് ഗുണം ചെയ്യുന്നതാകും മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിനിടെ നല്‍കിയ പരാമര്‍ശത്തിലൂടെ മലപ്പുറത്തെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കിയ മുഖ്യമന്ത്രിയുടെ നടപടി ദേശീയ തലത്തില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതെന്നാണ് വിലയിരുത്തല്‍.