‘കമ്പനിയുടെ മെന്‍റര്‍ ആണ് ജെയ്ക്കെന്ന് മുഖ്യമന്ത്രി സമ്മതിച്ചു’; പറഞ്ഞത് പൊതുസമൂഹത്തിന് മുന്നില്‍ തെളിയിക്കാന്‍ കഴിഞ്ഞെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jaihind Webdesk
Wednesday, December 14, 2022

 

ഇടുക്കി: മെന്‍റർ വിവാദത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയോടെ  താന്‍ പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വന്നതായി മാത്യു കുഴൽനാടൻ എംഎൽഎ. അവകാശ ലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിങ്ങിനെ നിയമസഭാംഗമെന്ന നിലയില്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവകാശലംഘന നോട്ടീസിന് നൽകിയ മറുപടിയിലൂടെ തന്‍റെ വാദം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. ജെയ്ക് ബാലകുമാർ എക്സാലോജിക്ക് കമ്പനിയുടെ മെന്‍റർ ആയിരുന്നുവെന്ന് മറുപടിയിലൂടെ വ്യക്തമായി. അന്ന് പറഞ്ഞ കാര്യം മുഖ്യമന്ത്രി അംഗീകരിച്ചിരിക്കുന്നു. നേരത്തെ പച്ചക്കള്ളമെന്ന് സഭയിൽ പറഞ്ഞതിലൂടെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണോയെന്ന് ജനം വിലയിരുത്തട്ടെ. മെന്‍റർ ആയി പ്രവർത്തിച്ചയാളുടെ പേര് കമ്പനി വെബ് സൈറ്റിൽ നിന്ന് നീക്കിയത് വ്യക്തമാക്കണം. താൻ പൊതു സമൂഹത്തിന് മുന്നിൽ വിഷയം വ്യക്തമാക്കിക്കഴിഞ്ഞെന്നും ഇനിയും വിവാദവുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ആരെയും വ്യക്തിപരമായി ആക്രമിക്കുക എന്ന ഉദ്ദേശ്യമില്ലെന്നും അത് തന്‍റെ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാർ മകൾ വീണയുടെ മെന്‍റർ അല്ല, വീണയുടെ കമ്പനിയുടെ മെന്‍റർ ആണെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പരിഗണിച്ചാണ് മെന്‍റർ വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരായ മാത്യു കുഴൽനാടന്‍റെ അവകാശ ലംഘന നോട്ടീസ് സ്പീക്കർ തള്ളിയത്. വീണാ വിജയന്‍റെ കമ്പനിയായ എക്‌സാലോജിക്കിന്‍റെ വെബ് സൈറ്റിൽ ആദ്യം ജയ്ക്കിനെ മെന്‍റർ എന്ന് വിശേഷിപ്പിച്ചു. പിന്നെ സ്വർണ്ണക്കടത്ത് വിവാദം വന്നപ്പോൾ സൈറ്റ് കാണാതെ ആയി. തിരിച്ച് വന്നപ്പോൾ മെന്‍റർ എന്ന ഭാഗം കാണാനില്ല എന്നതാണ് മാത്യു കുഴൽനാടന്‍റെ ആരോപണം. കമ്പനിയുടെ പഴയ ബാക് ഫയൽ അന്ന് പുറത്തുവിട്ട് വെല്ലുവിളിച്ചെങ്കിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല. മാത്യു കുഴൽനാടന്‍റെ അവകാശലംഘന നോട്ടീസിൽ അന്നത്തെ സ്പീക്കർ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി നൽകിയ മറുപടി പരിഗണിച്ചാണ് ഇപ്പോൾ അവകാശ ലംഘന നോട്ടീസ് തള്ളിയത്.