മകളുടെ ബിസിനസിനായി രഹസ്യ കൂടിക്കാഴ്ചകള്‍; ദേശസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രവർത്തിച്ചു: ഗുരുതര ആരോപണവുമായി സ്വപ്ന

Jaihind Webdesk
Monday, August 1, 2022

 

കൊച്ചി: ദേശസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിച്ചെന്ന ഗുരുതര ആരോപണവുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. മകളുടെ ബിസിനസ് ആവശ്യത്തിനായി ക്ലിഫ് ഹൗസില്‍ വെച്ച് രഹസ്യ കൂടിക്കാഴ്ചകള്‍ നടന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഷാർജയില്‍ ബിസിനസ് തുടങ്ങുന്ന കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ എത്ര സ്വർണ്ണം നല്‍കണമെന്നത് സംബന്ധിച്ച ചർച്ചകളുണ്ടായി. നളിനി നെറ്റോ ഐഎഎസ്, മുഖ്യമന്ത്രിയുടെ ഭാര്യ, ശിവശങ്കർ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തതായും സ്വപ്ന വെളിപ്പെടുത്തി. നിരന്തരമായി പ്രൊട്ടോകോള്‍ ലംഘനം നടന്നതായും ഏകാധിപതിയെപ്പോലെ മുഖ്യമന്ത്രി നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

ഷാര്‍ജ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായെന്ന് സ്വപ്ന ആവർത്തിച്ചു. വിദേശ കാര്യമന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്‍റെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെയും നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. കോഴിക്കോടേക്കാണ് ഷാര്‍ജ ഭരണാധികാരി എത്തേണ്ടിയിരുന്നത്. അതിന് രേഖകളുണ്ട്. തിരുവനന്തപുരത്തെ പരിപാടിയെക്കുറിച്ചോ ക്ലിഫ് ഹൗസ്‌ സന്ദര്‍ശനത്തെ കുറിച്ചോ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി പ്രൊട്ടോകോള്‍ ലംഘിച്ച്‌ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃതം ചെയ്തു. മുഖ്യമന്ത്രിയുടേയും ശിവശങ്കറിന്‍റെയും നിര്‍ദ്ദേശമനുസരിച്ച്‌ താനാണ് മനോജ് എബ്രഹാമിനെ വിവരമറിയിച്ച്‌ ലീലാ ഹോട്ടലിനെ ഡ്യൂട്ടി ചുമതലയിലുള്ള എസ്പിയോട് ഷാര്‍ജ ഭരണാധികാരിയുടെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിലേക്ക് നേരിട്ടുള്ള സന്ദര്‍ശനത്തിന് എത്തിക്കാന്‍ ആവശ്യപ്പെട്ടത്. ഇതെല്ലാം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ ഐടി ബിസിനസിന് വേണ്ടിയായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.

താന്‍ ഉന്നയിക്കുന്നത് കേവലം ആരോപണങ്ങള്‍ അല്ല. എല്ലാത്തിനും തെളിവുകളുണ്ട്. ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന പ്രവര്‍ത്തനം മുഖ്യമന്ത്രി നടത്തിയിട്ടുണ്ട്. ഇതിന്‍റെ തെളിവുകള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ വിശദാംശങ്ങള്‍ ഇത് ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടും. എല്ലാം നടന്നത് മുഖ്യമന്ത്രിയുടെയും എം ശിവശങ്കറിന്‍റെയും നിർദേശപ്രകാരമാണെന്നും സ്വപ്നാ സുരേഷ് കൂട്ടിച്ചേർത്തു.