പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്തമായ രഥ ചക്രങ്ങള്‍ പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിക്കാനൊരുങ്ങുന്നു. ഇതിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പുരി ജഗന്നാഥ ക്ഷേത്ര ഭരണസമിതിയുടെ (SJTA) ഈ നിര്‍ദ്ദേശത്തിന് അനുമതി നല്‍കിയതായി ദേവസ്വത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജ്യ തലസ്ഥാനത്ത് ഒഡീഷയുടെ സമ്പന്നമായ ആത്മീയ-സാംസ്കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുക എന്നതാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നത്.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പുരി ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ച വേളയിലാണ് SJTA ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മൂന്ന് രഥങ്ങളില്‍ നിന്നും ഓരോ ചക്രം വീതം പാര്‍ലമെന്റിന്റെ പ്രധാന സ്ഥലത്ത് സ്ഥാപിക്കാനുള്ള ഞങ്ങളുടെ നിര്‍ദ്ദേശം സ്നേഹപൂര്‍വ്വം അംഗീകരിച്ചതിന് അദ്ദേഹത്തോട് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്,’ SJTA ചീഫ് അഡ്മിനിസ്ട്രേറ്റര്‍ അരബിന്ദ പാധീ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതി പുരി ജഗന്നാഥ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ രഥയാത്രയിലെ മൂന്ന് ചക്രങ്ങള്‍ ഇനി പാര്‍ലമെന്റ് വളപ്പില്‍ സ്ഥാനം പിടിക്കും
കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, പുരി എംപി സാംബിത് പത്ര എന്നിവര്‍ക്കൊപ്പം എത്തിയ ഓം ബിര്‍ളയെ SJTA ചീഫ് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിച്ചു. പ്രതിഷ്ഠിക്കപ്പെടാന്‍ പോകുന്ന ചക്രങ്ങള്‍ ഭഗവാന് ജഗന്നാഥന്റെ നന്ദിഘോഷ് രഥം, ദേവി സുഭദ്രയുടെ ദര്പ്പദലന് രഥം, ഭഗവാന് ബലഭദ്രന്റെ തല്ധ്വജ രഥം എന്നിവയില്‍ നിന്നുള്ളതാണ്. ഈ ചക്രങ്ങള്‍ ഒഡീഷയുടെ പ്രാചീന വാസ്തുവിദ്യയുടെയും ആത്മീയ ചിന്തകളുടെയും പ്രതീകമായി പാര്‍ലമെന്റ് വളപ്പില്‍ നിലകൊള്ളും.
എല്ലാ വര്‍ഷവും രഥയാത്രക്ക് ശേഷം ചക്രങ്ങള്‍ ഉള്‍പ്പെടെയുള്ള രഥത്തിന്റെ ഭാഗങ്ങള്‍ പൊളിച്ച് മാറ്റാറുണ്ട്. പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഒഴികെ, രഥം പുനര്‍നിര്‍മ്മിക്കുമ്പോള്‍ പുതിയ തടികളാണ് ഉപയോഗിക്കുന്നത്. പൊളിച്ച് മാറ്റുന്ന ഭാഗങ്ങളും ചക്രങ്ങളും സൂക്ഷിക്കുകയോ ലേലം ചെയ്യുകയോ ആണ് പതിവ്. ഇത്തരത്തില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ചക്രങ്ങളാണ് ഇപ്പോള്‍ രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭയുടെ വളപ്പില്‍ സാംസ്കാരിക സ്മാരകമായി മാറാന്‍ ഒരുങ്ങുന്നത്.