തിരുവനന്തപുരം: രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ വ്യാപകമായി അടച്ചുപൂട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായി ചെറുത്തുനില്‍ക്കുമെന്ന് ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്ഗനൈസേഷന് (FNPO) സംസ്ഥാന ചെയര്മാന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു. സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന തപാല്‍ സേവനങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം അങ്ങേയറ്റം ജനവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.
ഹെഡ് പോസ്റ്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ എഫ്.എന്‍.പി.ഒ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാല്‍ ജീവനക്കാര്‍ തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവികാരം മാനിച്ച് കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങളില്‍ നിന്ന് ഉടന്‍ പിന്തിരിയണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. തപാല്‍ ജീവനക്കാര്‍ നടത്തുന്ന പ്രതിഷേധത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.