പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ; മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കിയേക്കും

Jaihind Webdesk
Tuesday, February 27, 2024

 

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മാർച്ച് ആദ്യവാരം ചട്ടം രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. പൗരത്വ പട്ടിക രജിസ്ട്രേഷനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തയാറാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. മാര്‍ച്ച് ആദ്യവാരം ചട്ടം രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൗരത്വ നിയമത്തിലൂടെ പാകിസ്താന്‍, അഫ്ഗാനിസ്താന്‍‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാര്‍ക്ക് നിയമപ്രകാരം പൗരത്വം നൽകുകയാണ് ലക്ഷ്യം എന്നാണ് കേന്ദ്ര സർക്കാർ വിശദീകരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനുള്ള പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം, ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് നടപ്പാക്കുമെന്നു ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന വന്നു ദിവസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയിരുന്നു. പൗരത്വം നൽകുന്നതിനായി മതം പരിഗണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധങ്ങൾ.