അഫ്ഗാനിസ്ഥാനിൽ നിന്ന് എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍

Jaihind Webdesk
Sunday, August 22, 2021

 

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനില്‍ നിന്ന് മടങ്ങിയെത്താന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. എകദേശം മുപ്പതോളം മലയാളികള്‍ മടങ്ങിയെത്തിയതായാണ് വിവരം. ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. അതേസമയം ഇക്കാര്യത്തില്‍ വ്യക്തത കൈവരിക്കാനുണ്ടെന്ന് നോർക്ക അറിയിച്ചു.

എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് നോര്‍ക്കയുടെ റെസിഡന്‍റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.

തജിക്കിസ്ഥാനില്‍ നിന്നും ദോഹയില്‍ നിന്നും രണ്ട് വിമാനങ്ങളിലായി ഇന്ന് രാവിലെ 222 ഇന്ത്യാക്കാരെ അഫ്ഗാനില്‍ നിന്ന് എത്തിച്ചിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ വിമാനത്തിലുമായാണ് ഇന്ത്യക്കാരെ എത്തിച്ചത്. തജികിസ്ഥാൻ വഴിവരുന്ന വിമാനത്തിലുള്ളത് 87 ഇന്ത്യക്കാരും രണ്ട് നേപ്പാളികളും അടങ്ങുന്നതായിരുന്നു സംഘം. ദോഹ വഴി മടങ്ങിയത് 135 ഇന്ത്യക്കാരാണ്. ഒഴിപ്പിക്കൽ നടപടി തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏകദേശം 400 ഓളം പേരെയാണ് ഇന്ത്യ ഇതുവരെ മടക്കി കൊണ്ടുവന്നത്.