അഞ്ചാം ഘട്ട അണ്‍ലോക്ക് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി

Jaihind News Bureau
Wednesday, September 30, 2020

അഞ്ചാം ഘട്ട അണ്‍ലോക്ക് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കി. ഒക്ടോബർ 15 മുതൽ സ്കൂളുകൾ, സിനിമ തിയറ്ററുകൾ എന്നിവ തുറക്കാൻ അനുമതി. കായിക താരങ്ങൾക്ക് പരിശീലിക്കാൻ നീന്തൽ കുളങ്ങൾക്കും പ്രവർത്തനാനുമതി നൽകി. കണ്ടൈൻമെന്‍റ് സോണുകൾക്ക് പുറത്താണ് ഇളവുകൾ അനുവദിക്കുക.

അതിതീവ്ര കൊവിഡ് വ്യാപനം രാജ്യത്ത് തുടരുന്നതിന് ഇടയിലാണ് കേന്ദ്ര സർക്കാർ അഞ്ചാം ഘട്ട അണ്‍ലോക്ക് മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനം. ഇതിന് സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചർച്ചകൾ നടത്താം. ഓണ്‍ലൈൻ ക്ലാസുകൾക്ക് മുൻഗണന നൽകണം. സ്കൂളുകളിൽ ഹാജരാകാൻ വിദ്യാർത്ഥികളെ നിര്‍ബന്ധിക്കരുത്. വിദ്യാർത്ഥികൾ ഹാജരാകുന്നെങ്കിൽ രക്ഷകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ലാബ് സൗകര്യം ആവശ്യമുള്ള പിജി ഗവേഷണ വിദ്യാർത്ഥികളുടെ ക്ലാസുകൾക്കും അനുമതി ഉണ്ട്.

സിനിമ തിയറ്ററുകളിലും മൾട്ടി പ്ലക്സുകളിലും പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. കൂട്ടായ്മകളിൽ 100 പേർ എന്ന നിയന്ത്രണത്തിലും ഇളവുകൾ ഉണ്ട്. അടച്ചിട്ട ഹാളുകളിൽ 200 പേരെയും തുറന്ന പ്രദേശങ്ങളിൽ സാഹചര്യം അനുസരിച്ച് ആളുകളെ പ്രവേശിപ്പിക്കാം. അമ്യൂസ്മെന്‍റ് പാർക്കുകൾ ഉൾപ്പെടെ തുറക്കാൻ അനുമതി ഉണ്ട്. അതോടൊപ്പം വാണിജ്യ എക്സിബിഷനുകൾക്കും അഞ്ചാം ഘട്ട ലോക്ഡൗളിൽ അനുമതി നൽകി. എന്നാൽ മാസ്കുകൾ സാമൂഹിക അകലം ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം.