KERALA GOVERNMENT| കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചത് സര്‍ക്കാരിന് ഇരട്ടി പ്രഹരം; മുഖ്യമന്ത്രിക്ക് പോലും വ്യക്തതയില്ലാതെ അമിതഭാരമായി ഹെലികോപ്റ്റര്‍

Jaihind News Bureau
Tuesday, October 14, 2025

സംസ്ഥാനത്ത് മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്ര ഫണ്ടില്‍ വന്‍ കുറവ് വരുത്തിയതോടെ വെട്ടിലാകുന്നത് പോലീസ് സേന വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിന്റെ ഭാവിയാണ്. പ്രതിവര്‍ഷം ലഭിച്ചിരുന്ന 20 കോടി രൂപയില്‍ നിന്ന് 75 ശതമാനം വെട്ടിക്കുറച്ച് അഞ്ചു കോടിയില്‍ താഴെയാക്കി. ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് പോലും വ്യക്തതയില്ല എന്ന ആക്ഷേപം ശക്തമാണ്. മാവോയിസ്റ്റ് നിരീക്ഷണത്തിനെന്ന പേരിലാണ് ഇത് കൊണ്ടുവന്നതെങ്കിലും ഇതുവരെ കാര്യമായ ഒരു ദൗത്യത്തിനും ഇത് ഉപയോഗിച്ചിട്ടില്ല. മറിച്ച്, പ്രധാനമായും ഉന്നത ഉദ്യോഗസ്ഥരുടെയും വിഐപികളുടെയും യാത്രകള്‍ക്കാണ് ഇത് ഉപയോഗിക്കുന്നത് എന്ന വിമര്‍ശനമുണ്ട്.

കേരളം മാവോയിസ്റ്റ് മുക്തമായെന്ന് സംസ്ഥാന പോലീസ് പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചത്. ഫെബ്രുവരിയില്‍ മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിലായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനം പൂര്‍ണ്ണമായി തുടച്ചുനീക്കിയെന്നായിരുന്നു പോലീസിന്റെ അവകാശവാദം. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളെ മാവോയിസ്റ്റ് ഭീഷണിയില്ലാത്ത ജില്ലകളായി കേന്ദ്രം പ്രഖ്യാപിച്ചു. എന്നാല്‍, ഫണ്ട് നഷ്ടമായതോടെ മാവോയിസ്റ്റ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കണ്ണൂര്‍, വയനാട് ജില്ലകളെ പട്ടികയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സമീപിച്ചു. ഇത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്.

മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിരുന്ന ഫണ്ടില്‍ വരുത്തിയ വലിയ കുറവ്, പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുകയാണ്. പ്രതിവര്‍ഷം ലഭിച്ചിരുന്ന 20 കോടി രൂപയില്‍ നിന്ന് 75 ശതമാനം വെട്ടിക്കുറച്ച് അഞ്ച് കോടിയില്‍ താഴെയാക്കിയതോടെയാണ് ഈ പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ഹെലികോപ്റ്ററിന് പ്രതിമാസം നല്‍കേണ്ട 80 ലക്ഷം രൂപയുടെ വാടക മുടങ്ങി. നിലവില്‍ മൂന്ന് കോടിയിലധികം രൂപ വാടക കുടിശ്ശികയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹെലികോപ്റ്ററിനായി മൂന്ന് വര്‍ഷത്തേക്ക് 28.8 കോടി രൂപയുടെ കരാറിലാണ് സര്‍ക്കാര്‍ ഒപ്പുവെച്ചിരിക്കുന്നത്. അതിനാല്‍ കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കില്‍ പോലും ഇന്ധനം, അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, പാര്‍ക്കിംഗ് ഫീസ് എന്നിവയെല്ലാം ഉള്‍പ്പെടെയുള്ള പ്രതിമാസ വാടകയായ 80 ലക്ഷം രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് നല്‍കേണ്ടി വരും. ഫണ്ട് വെട്ടിക്കുറച്ചതോടെ തണ്ടര്‍ബോള്‍ട്ട് പരിശീലനം, കമ്മ്യൂണിറ്റി പോലീസിംഗ് തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. കുടിശ്ശികയായ ഈ തുക ഇനി എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് പ്രധാന ചോദ്യം. മറ്റു വഴികളില്ലെങ്കില്‍, സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്ന് പറയുമ്പോഴും ഈ അമിതഭാരം സംസ്ഥാന ഖജനാവില്‍ നിന്ന് എടുത്ത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്.