ക്രിമിനല്‍ ശിക്ഷാ നിയമങ്ങള്‍ക്ക് പകരം കൊണ്ടുവന്ന മൂന്നു ബില്ലുകള്‍ താല്‍ക്കാലികമായി പിന്‍വലിച്ച് കേന്ദ്രം

Jaihind Webdesk
Tuesday, December 12, 2023

 

ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ ശിക്ഷാ നിയമങ്ങള്‍ക്ക് പകരമായി അടുത്തിടെ അവതരിപ്പിച്ച ബില്ലുകള്‍ താല്‍ക്കാലികമായി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. മാറ്റങ്ങളോടെ പുതിയ ബില്ലുകള്‍ ഉടന്‍ കൊണ്ടുവരും എന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതാ ബില്ല്, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബില്ല് എന്നിവയാണ് പിന്‍വലിച്ചത്.

ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി 2020 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ക്രിമിനല്‍ നിയമ പരിഷ്‌കരണ സമിതി രൂപീകരിച്ചിരുന്നു. പുതിയ കാലഘട്ടത്തില്‍ പുതിയ നിയമങ്ങള്‍ എന്നായിരുന്നു ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞത്. ഈ ബില്ലുകളുടെ ശ്രദ്ധ ശിക്ഷയല്ല, നീതി ലഭ്യമാക്കലാണ് എന്നും ലോക്‌സഭയില്‍ ബില്ലുകള്‍ അവതരിപ്പിക്കവെ അമിത് ഷാ പറഞ്ഞിരുന്നു.

മൂന്നു ബില്ലുകളും വിശദമായ വിലയിരുത്തലിനായി പാര്‍ലമെന്‍റിന്‍റെ സെലക്ട് കമ്മിറ്റിക്ക് കൈമാറിയിരുന്നു. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ പാര്‍ലമെന്‍റ് ഉപസമിതി നിയമങ്ങള്‍ പരിശോധിച്ച് ബില്ലുകളില്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു.

ഐപിസി, സിആര്‍പിസി , ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്ക് പകരമായാണ് യഥാക്രമം ഭാരതീയ ന്യായ സംഹിതാ ബില്‍, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതാ ബില്‍, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. അധികം വൈകാതെ തന്നെ ഈ ബില്ലുകള്‍ മാറ്റങ്ങളോടെ വീണ്ടും പാര്‍ലമെന്‍റില്‍ എത്തും എന്നാണ് വിലയിരുത്തല്‍.