വലന്‍റൈന്‍സ് ഡേയില്‍ പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ നിർദേശിച്ച് കേന്ദ്രം

Jaihind Webdesk
Wednesday, February 8, 2023

ന്യൂഡല്‍ഹി: പ്രണയ ദിനത്തില്‍ പശുവിനെ ആലിംഗനം ചെയ്യാന്‍ നിർദേശവുമായി കേന്ദ്രം. ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് നിർദേശം നൽകിയത്. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ട്. പശു ഇന്ത്യന്‍ സംസ്കാരത്തിന്‍റെ നട്ടെല്ലാണെന്നും പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു.

‘‘പാശ്ചാത്യ സംസ്കാരത്തിന്‍റെ പുരോഗതി വേദപാരമ്പര്യത്തെ നാശത്തിന്‍റെ വക്കിൽ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്കാരത്തിന്‍റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നുപോകാൻ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സമൃദ്ധിക്ക് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാം’’ – സർക്കുലറിൽ പറയുന്നു.

ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. ഫെബ്രുവരി 14 പ്രണയദിനമായി ആചരിക്കുന്നതിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കമിതാക്കള്‍ക്ക് നേരെ ആക്രമണം നടക്കുന്നതടക്കമുള്ള സാഹചര്യവുമുണ്ടായി. ഇതിന് പിന്നാലെയാണിപ്പോള്‍ ഫെബ്രുവരി 14ന് പശുവിനെ കെട്ടിപ്പിടിക്കാന്‍ നിർദേശിക്കുന്ന സർക്കുലർ ഇറങ്ങിയിരിക്കുന്നത്.