കുവൈറ്റ്: മംഗാഫ് ലേബർ ക്യാമ്പിലെ തീപിടിത്തത്തിന് കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടെന്ന് സ്ഥിരീകരിച്ച് കുവൈറ്റ്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഷോർട്ട് സർക്യൂട്ട് തന്നെയാണ് ദുരന്തകാരണമെന്ന് കുവൈറ്റ് അഗ്നിരക്ഷാ സേന വ്യക്തമാക്കി.
വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കണ്ടെത്തിയതെന്ന് കുവൈറ്റ് അഗ്നിശമനസേന അറിയിച്ചു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ മുറിയുൾപ്പെടെ വിശദമായി പരിശോധിച്ചു. മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ തീ പെട്ടെന്ന് പടരാന്‍ ഇടയാക്കി. ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196 പേരാണു താമസിച്ചിരുന്നത്. ഇതിൽ 20 പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ സംഭവസമയത്ത് 176 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്.
പുലർച്ചെ 4.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ക്യാമ്പിലുള്ളവരെല്ലാം നല്ല ഉറക്കമായിരുന്നതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. പൊള്ളലേറ്റു മരിച്ചത് 2 പേർ മാത്രമാണ്. ബാക്കി 47 പേരും മരിച്ചതു പുക ശ്വസിച്ചാണെന്നാണ് സൂചന. തീ പടർന്നതിനു പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണു മരണസംഖ്യ വർധിപ്പിച്ചത്. കെട്ടിടത്തിന്‍റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയിരിക്കുകയായിരുന്നു. ഗോവണിപ്പടി വഴി ടെറസിലേത്താൻ ശ്രമിച്ചവർ വാതിൽ തുറക്കാൻ കഴിയാതെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.