വിദ്യാർത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പിൽ പ്രചരിപ്പിച്ച കേസ്; എസ്എഫ്ഐ പ്രവർത്തകനെ വീണ്ടും കസ്‌റ്റഡിയിലെടുത്ത് പോലീസ്

Jaihind Webdesk
Thursday, July 11, 2024

 

കൊച്ചി: കാലടി ശ്രീശങ്കരാ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പ്രതി എസ്എഫ്ഐ നേതാവ് രോഹിത്തിനെ വീണ്ടും കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പുതിയ പരാതിയുടെ പശ്ചാത്തലത്തിലാണ് രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. രോഹിത്തിനെതിരെ ഗൗരവ സ്വഭാവമുള്ള കേസുകൾ ചുമത്തിയേക്കും. രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ കേസിലെ പൊലീസ് നടപടി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കെ.കെ. രമ എംഎല്‍എനിയമസഭയില്‍ ശക്തമായി രംഗത്തെത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെട്ട കേസുകളില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നു രമ പറഞ്ഞു. കാലടി ശ്രീശങ്കരാ കോളജിലെ സംഭവവും രമ സഭയില്‍ ഉയർത്തി. പെണ്‍കുട്ടി തെളിവുസഹിതം പരാതി നല്‍കിയിട്ടും എസ്എഫ്ഐക്കാരനായ രോഹിത് എന്ന പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നുവെന്ന് രമ ആരോപിച്ചു. പുതിയ പരാതി ഉയർന്നതോടെയാണ് പോലീസ് വീണ്ടും ഇയാളെ കസ്റ്റഡിയിലെടുത്തത്.