‘കേസ് സിബിഐക്ക് കൈമാറിയത് തെളിവുകള്‍ നശിപ്പിച്ചതിനുശേഷം; പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് സങ്കടകരം’: അപ്പീല്‍ പോകുമെന്ന് സിദ്ധാർത്ഥന്‍റെ മാതാപിതാക്കള്‍

Jaihind Webdesk
Friday, May 31, 2024

 

തിരുവനന്തപുരം: പ്രതികൾക്ക് ജാമ്യം ലഭിച്ചത് സങ്കടകരമെന്ന് സിദ്ധാർത്ഥന്‍റെ മാതാപിതാക്കൾ. ഹൈക്കോടതി വിധിയിൽ നിരാശയുണ്ടെന്നും അപ്പീൽ പോകുമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. ഏതൊക്കെ നിലയിൽ തെളിവുകൾ നശിപ്പിക്കാമോ അതൊക്കെ നശിപ്പിച്ച ശേഷമാണ് കേസ് സിബിഐക്ക് കൈമാറിയത്. അതിനിടയിലാണ് പ്രതികൾക്ക് ജാമ്യം കൂടി ലഭിച്ചിരിക്കുന്നത്. ബാക്കി തെളിവുകൾ കൂടി നശിപ്പിക്കുമോ എന്ന ഭയക്കുന്നതായും സിദ്ധാർത്ഥന്‍റെ മാതാപിതാക്കൾ പറഞ്ഞു. കേസ് തുടക്കം മുതൽ അട്ടിമറിച്ചതായും തെളിവ് നശിപ്പിക്കാൻ കൂടെ നിന്നത് ആഭ്യന്തരവകുപ്പ് ആണെന്നും മാതാപിതാക്കളായ ജയപ്രകാശും ഷീബയും കുറ്റപ്പെടുത്തി.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 വിദ്യാർത്ഥികള്‍ക്കാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. റാഗിംഗ്, ആത്മഹത്യാപ്രേരണ, മർദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സിദ്ധാർത്ഥന്‍റെ മാതാവ് ഷീബ ജാമ്യപേക്ഷയെ എതിർത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിർണായകമാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സിബിഐ വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.  ക്രൂരമായ പീഡനത്തിന് ഇരയായാണ് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്‍ മരിച്ചത്.