കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസ്: മുഖ്യ പ്രതി ഒളിവില്‍ തന്നെ; പ്രതിപ്പട്ടിക വിപുലീകരിച്ചു

Jaihind Webdesk
Sunday, July 16, 2023

 

തൃശൂര്‍: ചേലക്കരയിൽ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി മണിയഞ്ചിറ റോയി ഒളിവിൽ തുടരുന്നു.
റോയി ഇടുക്കിയിലുണ്ടെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. അതേസമയം കേസിൽ ഉൾപ്പെട്ട പത്തുപേരെയും തിരിച്ചറിഞ്ഞു. ചേലക്കരയിലെ കാട്ടാന വേട്ടയിൽ റോയിക്ക് പ്രാദേശിക സഹായം ലഭിച്ച സാഹചര്യത്തിലാണ് പ്രദേശവാസികളായ രണ്ടുപേരെ കൂടി ഉൾപ്പെടുത്തി പ്രതിപ്പട്ടിക വിപുലീകരിക്കുന്നത്.

ആനക്കൊമ്പുമായി പിടിയിലായ അഖിലിനെ എത്തിച്ചു നടത്തിയ തെളിവെടുപ്പിൽ കാര്യസ്ഥന്‍റെ ഇടപെടൽ ഉൾപ്പെടെ അഖിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥലം ഉടമയായ റോയിക്ക് പുറമെ കാര്യസ്ഥൻ ടെസി വർഗീസ്, ജിന്‍റോ, കുമളി സ്വദേശി സെബി, പട്ടിമറ്റം സ്വദേശികളായ അഖിൽ മോഹൻ, അനീഷ് പി.എ, ആലപ്പുഴ സ്വദേശി ശ്യാംലാൽ, മാവേലിക്കര സ്വദേശി അനീഷ് കുമാർ വി.ആർ എന്നിവരെ ഉൾപ്പെടെയാണ് കേസിൽ പ്രതി ചേർക്കുക.

കോടനാട് നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പ് ഈ ആനയുടേത് തന്നെയാണോ എന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചു. ആന വൈദ്യുതാഘാതം ഏറ്റാണ് ചരിഞ്ഞത് എന്നുള്ളതിന്‍റെ തെളിവുകൾ ഇന്നലെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചു എങ്കിലും മറ്റു സാധ്യതകളും തള്ളുന്നില്ല. പന്നിക്ക് വെച്ച കെണിയില്‍ വീണ് ആന ചരിഞ്ഞതോടെ സ്ഥലമുടമ മണിയഞ്ചിറ റോയി പാലായിലും കുമളിയിലുമുള്ള സുഹൃത്തുക്കളുടെ സഹായം തേടുകയായിരുന്നു. പട്ടിമറ്റത്തുള്ള ആനക്കൊമ്പ് കടത്തുകാരെയും കൂട്ടിയാണ് പാലാ സംഘം വാഴക്കോടെത്തിയത്. കുറ്റകൃത്യത്തില്‍ പങ്കെടുത്ത രണ്ട് വാഴക്കോട് സ്വദേശികള്‍ വൈകാതെ പിടിയിലാവുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. അതിനിടെ കേസിലെ രണ്ടാം പ്രതി അഖില്‍ മോഹനെ കോടതി റിമാന്‍ഡ് ചെയ്തു.