മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ കേസ്; വിചാരണ അന്തിമഘട്ടത്തിലേക്ക്

Jaihind Webdesk
Friday, September 30, 2022

 

കണ്ണൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞ കേസിന്‍റെ വിചാരണ അന്തിമഘട്ടത്തിലേക്ക്. സാക്ഷിവിസ്താരത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി.

മുഖ്യമന്ത്രിയായിരിക്കെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ സാക്ഷിവിസ്താരത്തിനായാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന് കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. മുൻ മന്ത്രി കെ.സി ജോസഫും കോടതിയിൽ ഹാജരായി. മുൻ എംഎൽഎ സി കൃഷ്ണൻ ഒന്നാം പ്രതിയായ കേസിൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളടക്കം 113 പേരാണ് പ്രതിപ്പട്ടികയിലുളളത്.

അന്നത്തെ ടൗൺ എസ്.ഐ അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥർ പ്രധാന സാക്ഷികളായ കേസിൽ 258 പ്രോസിക്യൂഷൻ
സാക്ഷികളുമുണ്ട്. ഇതിൽ 27 സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞു. കേസിൽ നേരിട്ട് വിസ്താരത്തിന് ഹാജരാകാൻ കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടി അടക്കമുളളവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. കണ്ണൂർ അഡീഷണല്‍ സെഷൻസ് കോടതിയിലാണ് കേസിന്‍റെ വിചാരണ നടപടികൾ നടക്കുന്നത്.

2013 ഒക്ടോബർ 27 ന് കണ്ണൂർ പോലീസ് മൈതാനിയിൽ സംസ്ഥാന പോലീസ് മീറ്റിന്‍റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ അക്രമമുണ്ടായത്. അക്രമിക്കപ്പെടുമ്പോൾ ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ടി സിദ്ദിഖ് എംഎൽഎ സാക്ഷി വിസ്താരത്തിനായി മറ്റൊരു ദിവസം കോടതിയിൽ ഹാജരാകും.