ക്യാമ്പസ് ജോഡോ ഇഫക്ട്; സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല മുന്നേറ്റവുമായി കെഎസ്‌യു

 

തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന പോളിടെക്‌നിക് കോളേജ് തിരഞ്ഞെടുപ്പിൽ കെഎസ്‌യു നടത്തിയത് ഉജജ്വല മുന്നേറ്റം. ചരിത്രം തിരുത്തി കുറിച്ച് സംസ്ഥാനത്തെ നിരവധി ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം നേടി. 35 വർഷത്തിനു ശേഷം കളമശ്ശേരി ഗവൺമെന്‍റ് വിമൻസ് പോളിടെക്നിക് തിരിച്ചുപിടിച്ചും തൃശൂർ മഹാരാജാസ് കോളേജിൽ തുടർച്ചയായി വിജയിച്ചും കെഎസ്‌യു കരുത്തുകാട്ടി. വൈഗയാണ് കളമശ്ശേരി വിമൻസ് പോളിയുടെ പുതിയ ചെയർപേഴ്സൺ.

53 വർഷക്കൾക്ക് ശേഷം എസ്എഫ്ഐയുടെ കുത്തക തകർത്ത് അങ്ങാടിപ്പുറം പോളിടെക്നിക് യുഡിഎസ്എഫ് പിടിച്ചെടുത്തു. വയനാട് മേപ്പാടി പോളി, തിരൂർ പോളി, ഐ.പി.റ്റി ഷൊർണൂർ, കോഴിക്കോട് ഗവ: പോളിടെക്നിക്, കോട്ടക്കൽ വിമൻസ് പോളി, എന്നിവിടങ്ങളിൽ യുഡിഎസ്എഫ് മുന്നണി യൂണിയൻ പിടിച്ചെടുത്തു.

മീനങ്ങാടി പോളിയിൽ മൂന്ന് സീറ്റിൽ യുഡിഎസ്എഫ് വിജയിച്ചപ്പോൾ പത്തനംതിട്ട വെണ്ണിക്കുളം പോളിടെക്നിക്കിൽ ചെയർമാനായി വൈഷ്ണവ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.പുനലൂർ പോളിടെക്നിക്കിൽ ആർട്സ് ക്ലബ് സെക്രട്ടറിയും നെടുമങ്ങാട്, പെരുമ്പാവൂർ പോളിടെക്നിക്കുകളിൽ വൈസ് ചെയർപേഴ്സൺ സ്ഥാനവും കെഎസ്‌യു നേടിയെടുത്തു. അടൂർ പോളിടെക്നിക് കോളേജിൽ ഒരു വോട്ടിനും നെടുങ്കണ്ടം പോളിടെക്നിക്കിൽ മൂന്ന് വോട്ടിനുമാണ് ചെയർമാൻ സ്ഥാനാർത്ഥി പരാജയപ്പെട്ടത്.

രാഷ്ട്രീയമായി തിരഞ്ഞെടുപ്പ് നടന്ന ക്യാമ്പസുകളിൽ കരുത്തുകാട്ടാനായതായും സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്‍റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്ക് ലഭിച്ച താക്കീതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും വരാനിരിക്കുന്ന വിവിധ സർവ്വകലാശാലകളുടെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെഎസ്‌യു ചരിത്രമുന്നേറ്റം നടത്തുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Comments (0)
Add Comment