സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; വയനാട്ടില്‍ പതിനാറും, പാലക്കാട് പത്തും, ചേലക്കരയില്‍ ആറും സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്ത്

Jaihind Webdesk
Wednesday, October 30, 2024


തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പിനുള്ള മത്സരചിത്രം തെളിഞ്ഞു. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് മണ്ഡലത്തില്‍ പതിനാറ് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇവിടെ മത്സരിക്കുന്നത്, ചിഹ്നം കൈപ്പത്തിയാണ്. എല്‍ഡിഎഫിന് വേണ്ടി സത്യന്‍ മൊകേരിയും ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസും കളത്തില്‍ ഇറങ്ങും.

ചേലക്കരയില്‍ ആകെ ആറു സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഡിഎംകെ സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരുമാണ് ചേലക്കരയില്‍ മത്സരിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് രമ്യ ഹരിദാസാണ്. യു.ആര്‍.പ്രദീപാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. കെ. ബാലകൃഷ്ണനാണ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍തി. ഇവര്‍ക്ക് പുറമെ പി.വി. അന്‍വര്‍ എംഎല്‍എയുടെ പാര്‍ട്ടിയായ ഡിഎംകെയുടെ സ്ഥാനാര്‍ഥിയും മത്സര രംഗത്തുണ്ട്. എന്‍.കെ.സുധീറാണ് ഡിഎംകെയുടെ സ്ഥാനാര്‍ഥി.

പാലക്കാട് സിപിഎം സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സ്റ്റെതസ്‌കോപ് ചിഹ്നമാണ് അനുവദിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ ആകെയുള്ളത് പത്ത് സ്ഥാനാര്‍ത്ഥികളാണ്. കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍, ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് പാര്‍ട്ടി ചിഹ്നങ്ങള്‍ തന്നെയാണ് അനുവദിച്ചിരിക്കുന്നത്. സ്വതന്ത്രനായി മത്സരിക്കുന്ന ഡോ. പി സരിന്‍ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ ഇതേ ആവശ്യം ഉന്നയിച്ചതോടെ നറുക്കെടുക്കേണ്ടി വന്നു. ഇതില്‍ നഷ്ടമായതയോടെയാണ് ഡോക്ടര്‍ കൂടിയായ സരിന്‍ സ്റ്റെതസ്‌കോപ്പ് ചിഹ്നം തിരഞ്ഞെടുത്തത്. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കൈപ്പത്തി ചിഹ്നത്തിലും, സി കൃഷ്ണകുമാര്‍ താമര ചിഹ്നത്തിലുമാണ് ജനവിധി തേടുക.