കോഴിക്കോട്: കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു. തലശേരി ജോയിന്‍റ് ആർടിഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്. ഇന്നു രാവിലെ മുതലാണ് തൊഴിലാളികള്‍ പണി മുടക്കിയിരുന്നത്. പോക്‌സോ കേസില്‍ പ്രതി ചേര്‍ത്ത ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
കോഴിക്കോട് – കണ്ണൂർ, കോഴിക്കോട്- തൊട്ടിൽപ്പാലം റൂട്ടുകളിൽ ഓടുന്ന സ്വകാര്യ ബസുകൾ ആണ് ഇന്ന് രാവിലെ മുതൽ പണിമുടക്കിയത്. വിദ്യാർത്ഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ പോക്സോ ഉൾപ്പെടെ വകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ജോയിന്‍റ് ആർടിഒയുമായി ബസുടമകൾ നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് സമരം പിൻവലിച്ചത്. മതിയായ അന്വേഷണം നടത്താതെയാണ് പോലീസ് നടപടി എന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. ഇതേത്തുടർന്നായിരുന്നു മുന്നറിയിപ്പില്ലാതെയുള്ള പണിമുടക്ക്.
ഇന്നലെ വൈകുന്നേരാമണ് മിന്നൽ പണിമുടക്കുമായി ബന്ധപ്പെട്ട തീരുമാനം ബസ് ജീവനക്കാർ എടുത്തത്. ഇന്ന് രാവിലെ പ്രതീക്ഷിക്കാതെയുണ്ടായ പണിമുടക്ക് പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നാളെ മുതൽ ജില്ലയിലെ മുഴുവൻ ബസ് ഉടമകളും പങ്കെടുക്കുന്ന ബസ് സമരം നടത്താനിരിക്കെ ആണ് ഇങ്ങനെയൊരു മിന്നൽ പണിമുടക്കിനും കൂടെ ആഹ്വാനം ചെയ്തിരുന്നത്.