തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം വർധിപ്പിക്കണം: അടൂർ പ്രകാശ് എംപി

Jaihind Webdesk
Wednesday, August 7, 2024

 

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം വർധിപ്പിക്കണമെന്ന് അടൂർ പ്രകാശ് എംപി. ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ വർഷത്തെ ബജറ്റ് വിഹിതമായ 86,000 കോടി രൂപ തന്നെയാണ് ഈ ബജറ്റിലും പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. തൊഴിലാളികളുടെ വേതനം സർക്കാർ ഈ വർഷം പുതുക്കി നിശ്ചയിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും മിനിമം വേതനത്തിനു താഴെയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. വാർഷിക തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യവും പരിഗണിക്കപ്പെടണം. ഫണ്ടിന്‍റെ അപര്യാപ്തത മിക്ക സംസ്ഥാനങ്ങളുടെയും പരാതിയാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് പദ്ധതിയുടെ വിഹിതം വർധിപ്പിക്കാൻ സർക്കാർ തയാറാവണമെന്നും അടൂർ പ്രകാശ് ലോക്സഭയിൽ ആവശ്യപ്പെട്ടു.

പ്രവൃത്തിസമയം ക്രമീകരിക്കുന്നത് സംബന്ധിച്ചും പദ്ധതിയിലെ ചില പുതിയ നിബന്ധനകൾ സംബന്ധിച്ചും തൊഴിലാളികൾ പരാതി ഉന്നയിക്കുന്നുണ്ട്. നിലവിൽ വൈകിട്ട് അഞ്ചു വരെയാണ് തൊഴിലാളികളുടെ ജോലി സമയം. ഇത് നാലുവരെ ആക്കിയാൽ കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതിന് സ്ത്രീ തൊഴിലാളികൾക്ക് ഉപകാരപ്രദമാകും. അതുപോലെതന്നെ പുതിയ നിബന്ധന അനുസരിച്ച് ജോലി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും തൊഴിലാളികളുടെ ഫോട്ടോ എടുക്കേണ്ടതുണ്ട്. ജോലി തുടങ്ങുന്ന സ്ഥലത്ത് തന്നെ അവസാനിക്കുമ്പോഴും ഫോട്ടോ എടുക്കണമെന്നാണ് വ്യവസ്ഥ. ജോലി തുടങ്ങുന്ന സ്ഥലത്ത് നിന്നും പണി പൂർത്തീകരിച്ചു മുന്നോട്ടുപോവുന്ന തൊഴിലാളികൾ ഫോട്ടോയ്ക്കായി വീണ്ടും അതേ സ്ഥലത്ത് മടങ്ങി എത്തേണ്ട അവസ്ഥയാണുള്ളത്. ദിവസവും ജോലി അവസാനിപ്പിക്കുന്ന സ്ഥലത്ത് ഫോട്ടോ എടുക്കുന്നതിന് അനുവദിച്ചാൽ ബുദ്ധിമുട്ട് ഒഴിവാക്കാം. ഈ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്ന് അടൂർ പ്രകാശ് എംപി സബ്മിഷനിൽ ആവശ്യപ്പെട്ടു.