സിദ്ധാർത്ഥന്‍ നേരിട്ട അതിക്രൂരമായ ആള്‍ക്കൂട്ട വിചാരണയും പീഡനങ്ങളും; മുമ്പും സമാനസംഭവങ്ങള്‍ അരങ്ങേറി; അന്വേഷണ കമ്മീഷന്‍ റിപ്പോർട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Jaihind Webdesk
Friday, July 19, 2024

 

തിരുവനന്തപുരം: അതിക്രൂരമായ ആൾക്കൂട്ട വിചാരണയും സദാചാര ഗുണ്ടായിസവുമാണ് പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിൽ ജെ.എസ്. സിദ്ധാർത്ഥനുനേരെ നടന്നതെന്ന് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്. മരണത്തിനു മുമ്പ് സിദ്ധാർത്ഥനെ അതിക്രൂരമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തു. ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദ് കമ്മീഷൻ ഗവർണർക്ക് കൈമാറിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

സഹപാഠികളും സീനിയർ വിദ്യാർത്ഥികളും ഉൾപ്പെടുന്ന വലിയ സംഘത്തിന്‍റെ അതിക്രൂരമായ ആൾക്കൂട്ട വിചാരണയും സദാചാര ഗുണ്ടായിസവുമാണ് പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിൽ സിദ്ധാർത്ഥ് നേരിട്ടതെന്നാണ് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ശാരീരികവും മാനസികവുമായി സിദ്ധാർത്ഥനെ ഉപദ്രവിച്ചതായും സിദ്ധാർത്ഥനുനേരെ
ഹോസ്റ്റലിലുണ്ടായത് ഒറ്റപ്പെട്ടതോ ആദ്യത്തെയോ സംഭവം അല്ലെന്നുമാണ് കമ്മീഷന് മൊഴി ലഭിച്ചത്. സമാനമായ 2 സംഭവങ്ങൾ മുൻകാലങ്ങളിൽ നടന്നിട്ടുണ്ടെന്ന് കോളജിലെ ആന്‍റി റാഗിംഗ് സ്ക്വാഡ് അംഗം അന്വേഷണ കമ്മീഷനു മൊഴി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കാതെയും കോളേജ് – സർവകലാശാലാ അധികൃതരെ അനുസരിക്കാതെയും ഒരു സംഘം വിദ്യാർത്ഥികൾ തെറ്റായി പ്രവർത്തിച്ചു നിയമം കയ്യിലെടുത്തതായി റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. സിദ്ധാർത്ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. 16നു വൈകിട്ട് ക്യാമ്പസിലെ ചെറിയ കുന്നിനു മുകളിൽ പരസ്യവിചാരണ നടത്തിയെന്നും തുടർന്ന് ഹോസ്റ്റലിലെ 21-ാം നമ്പർ മുറിയിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്യുകയും ദീർഘനേരം മർദ്ദിച്ചെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ മെൻസ് ഹോസ്റ്റൽ അങ്കണത്തിലേക്കു വലിച്ചിഴച്ച് എത്തിച്ച് വീണ്ടും മർദ്ദിച്ചു. അസഭ്യവർഷവും നടത്തി. ഹോസ്റ്റലിലെ താമസക്കാർ
ബാൽക്കണിയിൽ കാഴ്ചക്കാരായിരുന്നു. സിദ്ധാർത്ഥനെ മർദ്ദിച്ച സ്ഥലത്തുനിന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടതായി മൊഴി ലഭിച്ചതായും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം നിലയ്ക്കു വിചാരണ നടത്തി കുറ്റക്കാരെ കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്ന രീതിയാണ് ഒരു സംഘം ഹോസ്റ്റലിൽ നടത്തിയിരുന്നതെന്നും എന്നാൽ ഇവരെ നിയന്ത്രിക്കേണ്ടവർ കടമ നിർവഹിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. വൈസ് ചാൻസിലർക്കും ഡീനിനും ഉൾപ്പെടെ ഗുരുതര വീഴ്ച സംഭവിച്ചെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ മറനീക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.