ബോഡി ഷെയ്മിംഗ് വിവാദം: മന്ത്രി വി.എൻ വാസവനെതിരെ നടന്‍ ഹരീഷ് പേരടിയുടെ രൂക്ഷ വിമര്‍ശനം

Jaihind Webdesk
Tuesday, December 13, 2022

തിരുവനന്തപുരം: നിയമസഭയിൽ കോൺഗ്രസിനെ വിമർശിക്കുവാൻ ബോഡി ഷെയ്മിംഗ് പരാമർശം നടത്തിയ സാംസ്കാരിക മന്ത്രി വി. എൻ.വാസവനെതിരെ നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലെ  കുറിപ്പിലൂടെയാണ് നടന്‍ മന്ത്രിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചത്.

ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ, എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടനാണ് ഇന്ദ്രന്‍സെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ജനാധിപത്യത്തിൽ കോൺഗ്രസ്സിന്‍റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്. കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ… മനുഷ്യന്‍റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി…വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി…എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം. എന്നും കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിന് മറുപടിയായി ഹരീഷ് പറയുന്നു.

കോൺഗ്രസിനെ വിമർശിക്കുവാൻ ചലച്ചിത്ര താരം ഇന്ദ്രൻസിനെ അപമാനിച്ചു കൊണ്ട് സാംസ്കാരിക കമന്ത്രി വി എന്‍ വാസവന്‍റെ  നിയമസഭയിലെ ‘ബോഡി ഷെയിമിങ്ങ്’ പരാമർശം വിവാദമായിരുന്നു.
ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്‍റെ  പൊക്കം ഉണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിനെ പോലെയായി എന്നായിരുന്നു വാസവൻ പറഞ്ഞത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

വട്ട പൂജ്യത്തിൽ എത്തിയാലും എപ്പോൾ വേണമെങ്കിലും ഇൻഡ്യയിൽ അത്ഭുതങ്ങൾ ഉണ്ടാക്കാവുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ്സ് …കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം …ആർക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകൾ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല…ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല…അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ കോൺഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളിൽ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളിൽ…മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാർട്ടി…വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാർട്ടി…എപ്പോൾ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രൻസേട്ടനും..ഫാൻസ് അസോസിയേഷൻ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളിൽ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയ മഹാനടൻ…എപ്പോഴും അത്ഭുതങ്ങൾ സൃഷ്ടിക്കാവുന്ന നടൻ…പിന്നെ സാസംകാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവർക്ക് അർഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു…അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി…