ധീര സൈനികന്‍ വൈശാഖിന്‍റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം നാളെ

Jaihind Webdesk
Wednesday, October 13, 2021

ജമ്മു-കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച മലയാളി സൈനികൻ വൈശാഖിന്‍റെ ഭൗതിക ശരീരം ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. ഇന്ന് വൈകുന്നേരത്തോടെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരും. തുടർന്ന് നാളെ രാവിലെ ജന്മനാടായ കൊല്ലം കുടവട്ടൂരിലേക്ക് കൊണ്ടുവരുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം വീട്ടു വളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും. തിങ്കളാഴ്ച പുലർച്ചെയാണ് ജമ്മു-കശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വൈശാഖ് ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്.

ഇന്നു രാത്രി 8.15 ഓടെ വൈശാഖിന്‍റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും. പാങ്ങോട് മിലിട്ടറി ക്യാമ്പിൽ സൂക്ഷിക്കുന്ന മൃതദേഹം രാവിലെ 7.30ന് കൊട്ടാരക്കര തഹസീൽദാർ ഏറ്റുവാങ്ങും. തുടർന്ന് ഓടനാവട്ടം കുടവട്ടൂർ എൽപി സ്കൂളിൽ പൊതുദർശനം. സംസ്കാരം 11.30ന് ഔദ്യോഗിക ബഹുമതികളോടെ കുടവട്ടൂരിലെ വീട്ടുവളപ്പിൽ നടക്കും.

കൊല്ലം ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിൽ ശിൽപാലയത്തിൽ ഹരികുമാറിന്‍റെയും ബീനാകുമാരിയുടെയും മകനാണ് വൈശാഖ്. തിങ്കളാഴ്ച പുലർച്ചെ ജമ്മു-കശ്മീരിലെ പുഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് വൈശാഖ് അടക്കം 5 സൈനികർ വീരമൃത്യു വരിച്ചത്.