കോഴിക്കോട് : കൊവിഡ് ബാധിച്ച് മരിച്ച നിർധന ദളിത് വീട്ടമ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകിട്ടുന്നില്ലെന്ന് പരാതി. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് സ്വദേശി പറായിയാണ് ബുധനാഴ്‌ച കൊവിഡ് ചികിത്സക്കിടെ മരിച്ചത്. മൊടക്കല്ലൂർ എംഎംസി യിൽ ഇന്നലെ രാത്രി വൈകി തുടങ്ങിയ പ്രതിഷേധം ഇന്ന് രാവിലെയും തുടരുകയാണ്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചടങ്ങ് നടത്താമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് മൂന്നാം ദിവസമായെങ്കിലും അത് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ്, തഹസീൽദാർ എന്നിവർ സ്ഥലത്തെത്തിയെങ്കിലും കളക്ടറുടെ മറുപടി കാത്തിരിക്കുകയാണ് ബന്ധുക്കൾ. അതേസമയം സംസ്കാര ചടങ്ങിലെ ഭൂമി തർക്കമാണ് മൃതദേഹം വിട്ടുകൊടുക്കാൻ വൈകുന്നതെന്ന് ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി പറയുന്നത്.
മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ ഉള്ളിയേരി പഞ്ചായത്ത് സെക്രട്ടറി ആദ്യം നിർദേശം നൽകിയിരുന്നു. എന്നാൽ ഭൂമി മറ്റൊരു സംഘടനയുടേതെന്ന് അവകാശപ്പെട്ട് മൃതദേഹം ദഹിക്കാൻ അനുവദിക്കില്ലെന്ന് പരാതിക്കാർ പറഞ്ഞതോടെ തർക്കമായി. ഇതിനിടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് കണ്ഠനെ അടക്കം ചെയ്ത സ്ഥലത്ത് ദഹിപ്പിക്കണമെന്ന് അമ്മ പറായി പറഞ്ഞിരുന്നതായി മക്കൾ രാജുവും പുഷ്പയും സ്ഥലത്ത് എത്തിയ അത്തോളി പോലീസിനെ ബോധ്യപ്പെടുത്തിയിരുന്നു.