കാത്തിരിപ്പ് വിഫലം; ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

Jaihind Webdesk
Sunday, July 30, 2023

തിരുവനന്തപുരം: പള്ളിക്കൽ ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ നവ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. നൗഫിയുടെ മൃതദേഹം ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ഭർത്താവ് സിദ്ദിഖിന്റെ മൃതദേഹവും കിട്ടി. ഇതോടെ പുഴയിൽ വീണ മൂന്നു പേരുടെയും മൃതദേഹം ലഭിച്ചു. മൂന്ന് പേരുടെ മൃതദേഹവും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിദ്ധിക്ക്, നൗഫി, അൻസിൽ എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. അൻസിലിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഇവരെ രക്ഷപെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു അൻസിൽ ഒഴുക്കിൽപ്പെട്ടാണ് മരിച്ചത്. അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീണെന്നാണ് വിവരം.

ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൻസിലും പുഴയിലേക്ക് വീണു. പിന്നീട് നടത്തിയ തെരച്ചിലിലാണ് അൻസിലിനെ കണ്ടെത്തിയത്. പാരിപ്പിള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സിദ്ധിഖിനും നൗഫിക്കുമായി രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് വെല്ലുവിളിയായി. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇന്ന് രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്.