മുതലപ്പൊഴിയില്‍ ഇന്നും അപകടം; വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു

Jaihind Webdesk
Tuesday, April 2, 2024

 

തിരുവനനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. കടലിലേക്ക് വീണ മൂന്ന് തൊഴിലാളികളും നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനം കഴിഞ്ഞു വരുമ്പോഴായിരുന്നു വള്ളം മറിഞ്ഞത്. മുതലപ്പൊഴിയിലെ അപകടം തുടർക്കഥയാകുമ്പോഴും സർക്കാർ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന പരാതിയാണ് ഉയരുന്നത്.

കഴിഞ്ഞദിവസവും മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് മത്സ്യ ബന്ധനം കഴിഞ്ഞു വരുന്നതിനിടെ വള്ളം മറിഞ്ഞ് മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. കടലിലേക്ക് വീണ മത്സ്യ തൊഴിലാളികള്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. ഇന്നത്തെ അപകടത്തില്‍ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല.

ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിലിടിച്ചാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കടലിൽ തെറിച്ചു വീണ് മത്സ്യത്തൊഴിലാളിക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് തിങ്കളാഴ്ച ഉണ്ടായ അപകടത്തിൽ കടലിലേക്ക് വീണത്.

അതേസമയം ഇന്നും സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ‘കള്ളക്കടൽ’ പ്രതിഭാസം മൂലമുള്ള കടലേറ്റം ഉണ്ടാകുമെന്ന് ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.