കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്കാരവും ചരിത്രവും ഭാഷയും സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അസമില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ചുട്ടെരിക്കുന്ന വിധത്തിലാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളും പ്രവര്‍ത്തികളുമെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. ഈ സംസ്ഥാനങ്ങളുടെ ഭാഷ, സംസ്കാരം, ജീവിത രീതി, ചരിത്രം എന്നിവയെ കടന്നാക്രമിക്കുകയാണ് അവർ ചെയ്യുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്വത്വം നിലനിര്‍ത്തുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കുമെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ ജാഗ്രത പാലിക്കുെന്നും അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന പ്രത്യേക പദവി അസമിന് തിരികെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാവസായിക-നിക്ഷേപ പ്രോത്സാഹന നയം പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പേകി. മാത്രമല്ല ജനങ്ങളുടെ അവകാശങ്ങള്‍ എന്തെല്ലാം ബി.ജെ.പി സര്‍ക്കാര്‍ ഇല്ലാതാക്കിയോ അതെല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്കി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സംശയലേശമന്യേ പറഞ്ഞ രാഹുല്‍ വടക്ക് കിഴക്കന്‍ സംസാസ്ഥാനങ്ങള്ക്ക് മെച്ചപ്പെട്ട സൌകര്യങ്ങള്‍ ഒരുക്കുമെന്നും ഉറപ്പേകി.
ഹൂച്ച് ദുരന്തത്തില്‍ അനുശോചനം അറിയിച്ച അദ്ദേഹം തേയില തൊഴിലാളികളെ പൊള്ള വാഗ്ദാനങ്ങള്‍ നല്കി പറ്റിക്കുന്ന പ്രധാനമന്ത്രിയുടെ നടപടികളെയും ശക്തമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് സര്‍ക്കാര്‍ എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനവും ഉറപ്പ് നല്കി.