ന്യൂഡൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിൽ പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറി. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സഭ രണ്ടുമണി വരെ പിരിഞ്ഞു.
കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാക്കും. ശബ്ദ വോട്ടോടെയാണ് എതിർപ്പുകൾക്കിടയിലും ബിൽ പാസാക്കിയത്. നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. നിയമം പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാൽ ചർച്ചയുടെ ആവശ്യമില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളിയത്.
ഗുരുനാനാക് ജയന്തി ദിനത്തിലാണ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഡിസംബർ 23 വരെയാണ് പാർലമെന്‍റ് സമ്മേളനം. 25 നിർണായക ബില്ലുകളാണ് പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുക.