ഇതോ പുരോഗമന കേരളം ! വിശപ്പടക്കാന്‍ മണ്ണ് വാരിത്തിന്നുന്ന കുഞ്ഞുങ്ങള്‍ ; പോറ്റാനാകാതെ മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറുന്ന പെറ്റമ്മ ; ലജ്ജിച്ച് തലതാഴ്ത്തി കേരളം

Jaihind Webdesk
Monday, December 2, 2019

തിരുവനന്തപുരം : ഭരണസിരാകേന്ദ്രത്തിന് സമീപം മണ്ണുവാരിത്തിന്ന് വിശപ്പടക്കേണ്ട ദുരവസ്ഥയിൽ
ഒരു കുടുംബം. ഭക്ഷണം നല്‍കാന്‍ വഴിയില്ലാത്തതിനാല്‍ നാല് കുട്ടികളെ ശിശുക്ഷേമ സമിതിയെ ഏല്‍പിച്ച് ഒരമ്മ. ദാരിദ്ര്യനിർമാർജനത്തില്‍ മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തിലാണ് വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണ് വാരി തിന്നേണ്ട ഗതികേടുണ്ടായത്. തിരുവനന്തപുരത്ത് കൈതമുക്കിലെ പുറമ്പോക്കിലെ കൂരയില്‍ കഴിയുന്ന അമ്മയാണ് ദുരിതജീവിതം വിവരിച്ച് കുട്ടികളെ ഏറ്റെടുക്കാന്‍ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നല്‍കിയത്. കേരളം നമ്പർ വൺ എന്ന് ഉദ്ഘോഷിക്കുന്നവർക്ക് മുഖം അടച്ചുള്ള അടിയാണ് ഈ അമ്മയുടെ സങ്കടം.

തകര ഷീറ്റുകളും ടാർപ്പോളിന്‍റെ തുണ്ടുകളും ഉപയോഗിച്ച് കൂട്ടിക്കെട്ടിയ കൂരയിലാണ് ഈ കുടുംബത്തിന്‍റെ താമസം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് സ്ഥിരം മദ്യപാനിയാണെന്നും ചെലവിന് കൊടുക്കാറില്ലെന്നും ഇവര്‍ പറയുന്നു. നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമുള്‍പ്പെടെ ആറ് മക്കളാണിവര്‍ക്ക്. മൂത്ത കുട്ടിക്ക് 7 വയസും ഏറ്റവും ഇളയ കുഞ്ഞിന് മൂന്ന് മാസവുമാണ് പ്രായം. വിശപ്പ് സഹിക്കാനാകാതെ മൂത്ത കുട്ടി മണ്ണ് വാരി തിന്നുന്നത് കാണേണ്ടിവന്നെന്നും ഈ അമ്മ പറയുന്നു. ഏറ്റവും ഇളയ രണ്ട് കുട്ടികള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ഇവരുടെ വീട് സന്ദർശിച്ചു. സംഭവം കേരളത്തിന് അപമാനകരമാണെന്നും വിഷയം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പുറമ്പോക്കിൽ കഴിയുന്ന ആളുകളെ പുനരധിവസിപ്പിക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരഹൃദയത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്കുണ്ടായ ദുരനുഭവത്തെ സർക്കാരും പൊതു സമൂഹവും ഗൗരവമായി കാണണമെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ പറഞ്ഞു. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവരെ പുനഃരധിവസിപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.