സ്വര്‍ണപ്പാളി വിവാദവുമയി ബന്ധപ്പെട്ട് വിസ്മയകരമായ കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 1999-ല്‍ ദ്വാരപാലക ശില്‍പങ്ങളില്‍ 40 വര്‍ഷത്തെ വാറന്റിയോടെ സ്വര്‍ണം പൂശിയതാണ്. എന്നിട്ടും 20 വര്‍ഷം കഴിഞ്ഞ് 2019 ല്‍ എന്തിനാണ് ഈ സ്വര്‍ണപാളികള്‍ വീണ്ടും സ്വര്‍ണം പൂശുന്നതിനു വേണ്ടി കൊണ്ടുപോയതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. 42 കിലോ കൊണ്ടു പോയിട്ട് 38 കിലോ മാത്രമാണ് തിരിച്ചെത്തിച്ചത്. നാലു കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. എന്തുകൊണ്ടാണ് ഭാരം പരിശോധിക്കാന്‍ ദേവസ്വം തയാറാകാതിരുന്നത്. ഭാരം കുറഞ്ഞത് പുറത്തു വരാതിരിക്കാന്‍ അന്ന് ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂര്‍ ദേവസ്വം ഭരണാധികാരികള്‍ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് അന്വേഷിക്കാതിരുന്നത്. കേടതിയുടെ അനുമതി ഇല്ലാതെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് സ്വര്‍ണം ചെന്നൈയിലേക്ക് അയച്ചത്. ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി? എന്താണ് ഈ സ്പോണ്‍സര്‍ക്കുള്ള പ്രത്യേകത? എല്ലാ ദേവസ്വം ബോര്‍ഡുകളിലുമുള്ള സ്പോണ്‍സര്‍മാരെ കുറിച്ചും അന്വേഷിക്കണം. ഉണ്ണികൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡും തമ്മില്‍ എന്താണ് ബന്ധം? ഇയാള്‍ ആരുടെ ബെനാമിയാണ്? സ്പോണ്‍സറുടെ ബന്ധുവീട്ടില്‍ നിന്നും പീഠം കണ്ടെത്തിയിട്ടും ഇയാളെ എന്തുകൊണ്ടാണ് കേസില്‍ പ്രതിയാക്കാതിരിക്കുന്നത്? ഇത്തരക്കാര്‍ സ്പോണ്‍സര്‍ഷിപ്പ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുകയും അതില്‍ ചെറിയൊരു അംശം മാത്രം ക്ഷേത്രങ്ങളില്‍ നല്‍കി വന്‍ തുകയാണ് ഭക്തരില്‍ നിന്നും തട്ടിയെടുക്കുന്നത്. ഇതിനെല്ലാം ദേവസ്വം ബോര്‍ഡും സര്‍ക്കാരും കൂട്ടു നിന്നു. അയ്യപ്പന്റെ സ്വര്‍ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പസംഗമം നടത്തിയത്. അയ്യപ്പ സംഗമം നടത്തി കപട ഭക്തി കാട്ടിയവരുടെ കാപട്യം അയ്യപ്പന്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡിലും സര്‍ക്കാരിലും ആരുമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബന്ധമെന്ന് വ്യക്തമാക്കട്ടെ. കോടതിയുടെ അറിവില്ലാതെ സ്വര്‍ണപാളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയാതെ പുറത്തേക്ക് പോകുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് എന്താണ് ബന്ധം? ഇതിന്റെയൊക്കെ ഉത്തരവാദിത്തം പറയേണ്ടത് പ്രതിപക്ഷ നേതാവല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ്. ഉത്തരവാദിത്തത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒളിച്ചോടുകയാണ്. ഭാരക്കുറവ് ഉണ്ടായിട്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്തുകൊണ്ടാണ് അന്വേഷിക്കാതിരുന്നതെന്നാണ് കോടതി ചോദിച്ചത്. അതിനാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മറുപടി പറയേണ്ടത്. കോടതി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സര്‍ക്കാരും ദേവസ്വം ബോര്‍ഡും നല്‍കുന്ന മറുപടി കേട്ട ശേഷം ഈ വിഷയം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.