കുട്ടിയെ ആശ്രാമത്ത് എത്തിച്ച ഓട്ടോ റിക്ഷ തിരിച്ചറിഞ്ഞു; സ്ത്രീയെ തനിക്ക് അറിയില്ലെന്ന് ഡ്രൈവർ

Jaihind Webdesk
Tuesday, November 28, 2023

 

കൊല്ലം:  ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ച ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് വിളിച്ചുവരുത്തി. തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയിൽ കുട്ടിയുമായി കയറിയതെന്നാണ് ഡ്രൈവറുടെ മൊഴി. ലിങ്ക് റോഡിൽ നിന്നാണ് ഇവർ ഓട്ടോയിൽ കയറിയതെന്നും ഡ്രൈവ‍ര്‍ വ്യക്തമാക്കി. യുവതി ആവശ്യപ്പെട്ട പ്രകാരം ഇരുവരെയും ആശ്രാമം മൈതാനത്ത് ഇറക്കുകയായിരുന്നു എന്നാണ് ഓട്ടോറിക്ഷാ ഡ്രൈവ‍‍റുടെ മൊഴി. കുട്ടിയും സ്ത്രീയും മാസ്ക് ധരിച്ചിരുന്നുവെന്നും ഓട്ടോഡ്രൈവർ പറഞ്ഞു.

35 വയസ് പ്രായം തോന്നുന്ന സ്ത്രീയാണ് കുട്ടിയെ ഉപേക്ഷിക്കാനായി ആശ്രാമം മൈതാനത്ത് എത്തിച്ചത്. ഇവരെ ഏതാനും പേർ കണ്ടിരുന്നു. മഞ്ഞ ചുരിദാറാണ് ഇവർ ധരിച്ചിരുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് ഉച്ചയ്ക്ക് 1.40 ഓടെയാണ് കുട്ടിയെ കണ്ടെത്തിയത്. എസ്എൻ കോളേജ് വിദ്യാ‍ർത്ഥിനികളാണ് ആദ്യം കുട്ടിയെ കണ്ടത്. ഒപ്പമുണ്ടായിരുന്ന സ്ത്രീ എഴുന്നേറ്റുപോയതിന് പിന്നാലെ കുഞ്ഞ് ഒറ്റയ്ക്കിരിക്കുന്നത് കണ്ട വിദ്യാർത്ഥിനികള്‍ അടുത്തെത്തുകയും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയുമായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഓട്ടോയിലാണ് ഇവർ വന്നതെന്ന് മനസിലായത്. തുടരന്വേഷണത്തിലാണ് ഓട്ടോയും ഡ്രൈവറെയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായത്. കൊല്ലം ഏആ‍ര്‍ ക്യാമ്പിലേക്ക് മാറ്റിയ കുട്ടിയെ പിന്നീട് വീട്ടുകാരെത്തി കണ്ടു. ഇന്ന് കുഞ്ഞിനെ വീട്ടിലേക്ക് വിടില്ല. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.

അതേസമയം 24 മണിക്കൂർ പിന്നിടുമ്പോഴും പ്രതികള്‍ ഇപ്പോഴും കാണാമറയത്ത് തുടരുകയാണ്. ശക്തമായ പോലീസ് വലയം എന്നു പറയുമ്പോഴും പ്രതികളെ കണ്ടെത്താന്‍ പോലീസിനാകാത്തത് വെല്ലുവിളിയാണ്. ആശ്രാമം മൈതാനം പോലെ കൊല്ലം നഗരഹൃദയത്തില്‍, എപ്പോഴും പോലീസിന്‍റെ നിരീക്ഷണമെത്തുന്നിടത്ത് കുട്ടിയെ ഉപേക്ഷിക്കാനെത്തിയപ്പോഴും സംഘത്തിലുള്ളവരെ പിടികൂടാനാവാത്തത് പോലീസിന്‍റെ വീഴ്ചയാണെന്ന് ഇതിനോടകം ആക്ഷേപം ഉയർന്നിട്ടുണ്ട്.