ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി ; ഭക്തിസാന്ദ്രമായി ആറ്റുകാല്‍

Jaihind News Bureau
Sunday, March 1, 2020

 

തിരുവനന്തപുരം : ഭക്തി സാന്ദ്രമായി ആറ്റുകാൽ ഭഗവതി ക്ഷേത്രം. ആറ്റുകാൽ പൊങ്കാല  മഹോത്സവത്തിന് തുടക്കമായി. കാപ്പുകെട്ടി  ദേവിയെ കുടിയിരുത്തിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്.

തോറ്റം പാട്ടിന്‍റെ അകമ്പടിയോടെ കാപ്പ് കെട്ടി ദേവിയെ കുടിയിരുത്തിയതോടെയാണ് ആറ്റുകാൽ ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല മഹോത്സവത്തിന് തുടക്കമായത്. പൊങ്കാല മഹോത്സസവത്തിന്‍റെ ആദ്യ ദിവസം തന്നെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിന്‍റെ ഒമ്പതാം ദിവസമാണ് ലോക പ്രശസ്തമായ ആറ്റുകാൽ പൊങ്കാല. ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്കും ഇന്ന് തുടക്കമാകും. ഉത്സവ കലാപരിപാടികളുടെ ഭാഗമായി അംബ, അംബിക, അംബാലിക വേദികളിലായി കലാപരിപാടികൾ അരങ്ങേറും. ദിവസവും തോറ്റം പാട്ടുമുണ്ടാകും. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പത്തിന്‌ രാത്രി കുരുതി തർപ്പണത്തോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.