സെക്രട്ടേറിയേറ്റ് മാർച്ചിലുണ്ടായ മർദ്ദനം; കന്‍റോൺമെന്‍റ് എസ്ഐക്കെതിരെ നിയമ നടപടികളുമായി അബിൻ വർക്കി

Jaihind Webdesk
Monday, September 9, 2024

 

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാർച്ചിലുണ്ടായ മർദ്ദനത്തില്‍ കന്‍റോൺമെന്‍റ് എസ്ഐക്കെതിരെ നിയമ നടപടികളുമായി അബിൻ വർക്കി. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തി പരുക്കേൽപ്പിക്കാൻ നേതൃത്വം നൽകിയ കന്‍റോൺമെന്‍റ് എസ്ഐ ജിജു കുമാറിനെതിരെയാണ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. അബിൻ വർക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയത്.

എഡിജിപി അജിത് കുമാറിനെതിരെ സംസാരിച്ചതിന്‍റെ വിരോധം നിമിത്തമായിരുന്നു മർദ്ദനമെന്നും യാതൊരു പ്രകോപനവും കൂടാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. പരസ്യമായി സിപിഎം അനുഭാവം പുലർത്തുന്ന ഈ ഉദ്യോഗസ്ഥന് എതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം മോഷണ കുറ്റത്തിന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നേരിട്ട് കേസെടുത്തിട്ടുണ്ട് എന്നും അബിൻ വർക്കി പരാതിയിൽ പറയുന്നു.

പരാതിയിൽ നടപടി ഉണ്ടാകാത്തപക്ഷം കോടതി മുഖേനയുള്ള വ്യവഹാരങ്ങൾ ഉടൻ ആരംഭിക്കുമെന്നും, അകാരണമായി പ്രവർത്തകരെ തല്ലിയ പോലീസ് ഉദ്യോഗസ്ഥരെ വീട്ടിലിരുത്തുന്നത് വരെ പോരാട്ടം തുടരുമെന്നും അബിൻ വർക്കി പറഞ്ഞു.