തൃശൂര്‍: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ മെത്രാപ്പോലീത്ത ബിഷപ്പ് യൂഹന്നാന്‍ മിലിത്തിയോസ്. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണങ്ങളില്‍ സുരേഷ് ഗോപി മൗനം പാലിക്കുന്നതിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണോ എന്നാശങ്ക!’ – ഇതായിരുന്നു യൂഹന്നാന്‍ മിലിത്തിയോസ് ഫേസ്ബുക്കില്‍ കുറിച്ചത്.
തൃശൂരില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണ നേടാന്‍ സുരേഷ് ഗോപി വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ ബജ്റംഗ്ദള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളിലോ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബിഷപ്പിന്റെ വിമര്‍ശനം.