തിരുവനന്തപുരത്ത് സര്‍ക്കാര്‍ മേഖലയില്‍ രണ്ടാമതൊരു മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ അടുത്തവര്‍ഷം ആണുങ്ങള് എത്തുമെന്ന് വി എസ് ശിവകുമാര്‍ എംഎല്‍എ. ചികിത്സാസൗകര്യങ്ങളും മരുന്നും ഇല്ലാതാക്കിയതാണ് ഇടതുഭരണത്തിന്റെ നേട്ടമെന്നും അദ്ദേഹം പരിഹസിച്ചു. കപ്പലും കപ്പിത്താനും ക്യാപ്റ്റനും ഉള്‍പ്പടെ മുങ്ങും. അതിനുമുമ്പ് രാജിവച്ച് ഒഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗജന്യ ചികിത്സാ പദ്ധതികളൊക്കെ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. കാരുണ്യ ലോട്ടറിയുടെ പണം പാവപ്പെട്ട രോഗികള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ പുട്ടടിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ആരോഗ്യ വകുപ്പിന്റെ അനാസ്ഥയ്ക്കും അവഗണനക്കുമെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും ഡോക്ടറുമാരുമില്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ തകര്‍ക്കുന്ന ഇടതു സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികള്‍ക്കു മുന്നിലും കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.