കാഞ്ഞങ്ങാട്ട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ

Jaihind Webdesk
Friday, May 24, 2024

 

കാസർകോട്: കാഞ്ഞങ്ങാട്ട് 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. കുടക് സ്വദേശി സലീമിനെ ആന്ധ്രയിൽനിന്നാണു പോലീസ് പിടികൂടിയത്. വീട്ടിലേക്ക് ഫോൺ വിളിച്ചതിനെത്തുടർന്ന് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കുട്ടിയുടെ വീടിനടുത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്‍റെ രേഖാചിത്രം പോലീസ് വരച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സമയത്ത് കുട്ടിയുടെ വീടിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവിയിലും പ്രതിയുടെ ചിത്രം പതിഞ്ഞത് അന്വേഷണത്തിന് സഹായകമായി.

ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന പ്രതി  അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഇതോടെയാണ് പോലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.