15 കാരന്‍ ആംബുലന്‍സുമായി പോയി; തൃശൂര്‍ നഗരത്തില്‍ 8 കിലോ മീറ്റര്‍ കറക്കം

Jaihind Webdesk
Tuesday, December 13, 2022

തൃശൂർ : ജനറൽ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന 108 ആംബുലൻസിൽ കയറി പതിനഞ്ചുകാരൻ കറങ്ങാൻ പോയത് പരിഭ്രാന്തി സൃഷ്ടിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഒല്ലൂരിൽ വെച്ച് പോലീസ് എത്തി വാഹനം കസ്റ്റഡിയിൽ എടുത്തു. ജനറൽ ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു പതിനഞ്ചുകാരൻ . അമ്മ ആശുപത്രി ജീവനക്കാരിയാണ്. അമ്മയുടെ കണ്ണു വെട്ടിച്ച് പുറത്തുകടന്ന പതിനഞ്ചുകാരൻ നേരെ ആംബുലൻസിന് സമീപം എത്തി. വാഹനത്തിൽ ആളില്ലെന്ന് കണ്ടപ്പോൾ സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഓടിച്ചു പോവുകയായിരുന്നു.

ഒല്ലൂർ സെന്‍ററിൽ നിന്ന് ആനക്കല്ല് റോഡിലേക്ക് തിരിഞ്ഞ് റെയിൽവേ ഗേറ്റ് പിന്നിട്ട് ഓടുന്നതിനിടെ എഞ്ചിൻ ഓഫായി. ഇതോടെ തള്ളി സഹായിക്കാന്‍ നാട്ടുകാര്‍ എത്തി.എന്നാല്‍ ഡ്രൈവിംഗ് സീറ്റിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തൃശ്ശൂര്‍ നഗരത്തില്‍ 8 കിലോ മീറ്ററാണ് കുട്ടി വണ്ടി ഓടിച്ചത്. ഒല്ലൂർ പോലീസ് എത്തി ആംബുലൻസും ഒപ്പം കുട്ടിയെയും കസ്റ്റഡിയിൽ എടുത്തു.

സംഭവത്തില്‍ ഡ്രൈവര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അനുവാദം കൂടാതെ ആംബുലന്‍സ് കൊണ്ടുപോയെന്ന് പരാതിയില്‍ പറയുന്നു. മണിക്കൂറുകളോളം കുട്ടിയുടെ കയ്യില്‍ ആംബുലന്‍സ് ഉണ്ടായിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ കുട്ടിയെ ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം വിട്ടിരിക്കുകയാണ്.