പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ 10 വരെ 12 ദിവസങ്ങളിലായിട്ടാണ് സഭ ചേരുക. സമീപകാലത്ത് വേർപിരിഞ്ഞ നേതാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ന് സഭ പിരിയും. മുൻ മുഖ്യമന്ത്രി
വി. എസ്. അച്ചുതാനന്ദൻ, മുൻ സ്പീക്കർ പി.പി. തങ്കച്ചൻ, പീരുമേട് നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന വാഴൂർ സോമൻ തുടങ്ങിയവർക്ക് സഭ ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കും. വരുംദിവസങ്ങളിൽ കസ്റ്റഡി മർദ്ദന പരമ്പരകൾ ഉൾപ്പെടെ വിവാദ വിഷയങ്ങൾ ഉയർത്തി പ്രതിപക്ഷം സർക്കാരിനെ സഭയിൽ വിചാരണ ചെയ്യും.
കസ്റ്റഡി മര്‍ദ്ദന പരമ്പരകളും തൃശൂരിലെ ശബ്ദരേഖാ വിവാദവും ആരോഗ്യ മേഖലയിലെ സമ്പൂര്‍ണ തകര്‍ച്ചയും സര്‍ക്കാരിനെ പ്രതികൂട്ടിലും പ്രതിരോധത്തിലുമാക്കുന്നതിനിടയിലാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. കസ്റ്റഡി മര്‍ദനത്തില്‍ മൗനം തുടരുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം സഭയില്‍ ആഞ്ഞടിക്കും. സിപിഎം നേതാക്കളെ പ്രതിക്കൂട്ടില്‍ ആക്കിയിരിക്കുന്ന തൃശ്ശൂരിലെ ശബ്ദരേഖ വിവാദവും ആരോഗ്യ വകുപ്പിനെതിരെയും പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തും. ആഗോള അയ്യപ്പ സംഗമവും ന്യൂനപക്ഷസംഗമവും ഉള്‍പ്പടെയുള്ള സര്‍ക്കാരിന്റെ രാഷ്ട്രീയ തട്ടിപ്പുകള്‍ പ്രതിപക്ഷം സഭയില്‍ തുറന്നുകാട്ടും. എസ് ഐ ആര്‍ വോട്ടേഴ്‌സ് ലിസ്റ്റ്, വാര്‍ഡ് പുനര്‍ വിഭജനമൊക്കെ സഭയില്‍ വലിയ ചര്‍ച്ചയാകും.