അന്തരിച്ച കെപിസിസി മുന്‍ അധ്യക്ഷനും, നിയമസഭാ സമാജികനുമായിരുന്ന പി.പി. തങ്കച്ചന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പന്തളം സുധാകരന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതൃനിരയിലെ ‘തനി തങ്കം’ ആയിരുന്നു പി.പി. തങ്കച്ചനെന്ന് അദ്ദേഹം കുറിച്ചു.
‘തങ്കം പോലൊരു തങ്കച്ചന്’ എന്നായിരുന്നു ഭരണ-പ്രതിപക്ഷ ഭേദമന്യേ ഇ.കെ. നായനാര്‍ ഉള്‍പ്പെടെയുള്ളവര്‍ പി.പി. തങ്കച്ചനെ വിശേഷിപ്പിച്ചിരുന്നത്. ആ വിശേഷണം അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിക്ക് എത്രത്തോളം യോജിച്ചതാണെന്ന് തങ്കച്ചന് തെളിയിച്ചതായി പന്തളം സുധാകരന് പറഞ്ഞു. കുലീനവും സൗമ്യവുമായ ഇടപെടലുകളിലൂടെ അദ്ദേഹം പൊതുരംഗത്ത് വേറിട്ടുനിന്നു. നിയമസഭയിലെ വാദപ്രതിവാദങ്ങള്‍ പോലും ഒരു ചെറുപുഞ്ചിരിയിലൂടെ ശാന്തമാക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നെന്നും സുധാകരന് ഓര്‍മ്മിച്ചു.
1978-ല്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് (ഐ) രൂപീകരിച്ചപ്പോള്‍, കെ. കരുണാകരന് ആദ്യ ഡി.സി.സി. പ്രസിഡന്റായി തിരഞ്ഞെടുത്തത് പി.പി. തങ്കച്ചനെയായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് (ഐ)യുടെ വലിയ തിരിച്ചുവരവിന് വഴിയൊരുക്കി. 1978 മുതലുള്ള തന്റെ വ്യക്തിപരമായ ബന്ധം അനുസ്മരിച്ചുകൊണ്ട്, കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് ഒരു രക്ഷാധികാരിയെപ്പോലെയായിരുന്നു തങ്കച്ചനെന്ന് സുധാകരന് കുറിച്ചു. പിന്നീട് നിയമസഭയിലും മന്ത്രിസഭയിലും കെ.പി.സി.സി.യിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിശാലമായ സൗഹൃദവലയം സൂക്ഷിച്ചിരുന്ന തങ്കച്ചന്റെ വിയോഗത്തില്‍ തന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞുപോയെന്നും, ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടും പന്തളം സുധാകരന് കുറിപ്പ് അവസാനിപ്പിച്ചു.