തങ്കയങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും

ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് ശബരിമല സന്നിധാനത്തെത്തും. 27 ന് ഉച്ചക്ക് തങ്കയങ്കി ചാർത്തി മണ്ഡല പൂജകൾ പൂർത്തിയാക്കി ശബരിമല നടയടക്കും. മകര സംക്രമ പൂജകൾക്കായി 30 ന് വൈകുന്നേരം അഞ്ച് മണിക്ക് ശബരിമല നട വീണ്ടും തുറക്കും.

മണ്ഡലപൂജക്ക് ശബരീശ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ട് ഞയറാഴ്ച്ച പുലർച്ചെ ആറൻമ്മുള പാർത്ഥസാരഥീ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് വൈകുന്നേരം 5 മണിയോടെ സന്നിധാനത്തെത്തിച്ചേരും വിവിധ ഹൈന്ദവ ക്ഷേത്രങ്ങള്‍ സന്ദർശിച്ച് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിച്ച ഘോഷയാത്ര ളാഹ, പ്ലാപ്പള്ളി, നിലക്കൽ, ചാലക്കയം വഴി ഉച്ചക്ക് 1.30 ഓടെ പമ്പയിലെത്തും.

തുടർന്ന് പമ്പഗണപതി കോവിലിൽ വിശ്രമിച്ച ശേഷം തങ്കയങ്കി പ്രത്യേക പേടകത്തിലാക്കി തലച്ചുമടായി സന്നിധാനത്തേക്ക് തിരിക്കും. 5 മണിയോടെ മരക്കുട്ടത്ത് ഘോഷയാത്ര എത്തും. . പതിനെട്ടാം പടിക്ക് താഴെ വച്ച് പേടക വാഹക സംഘത്തെ ശബരിമല തന്ത്രി മേൽശാന്തി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് 18 ാം പടി ചവിട്ടി സന്നിധാനത്തേക്ക് ആനയിക്കും. തുടർന്ന് മേൽശാന്തി തങ്കയങ്കി പേടകം ഏറ്റുവാങ്ങി പുണ്യാഹം തളിച്ച് ശ്രീകോവിലിലേക്കെടുക്കും. തുടർന്ന് അന്നേ ദിവസം അയ്യപ്പ വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടത്തും. 27 ന് ഉച്ചക്ക് തങ്കയങ്കി ചാർത്തി മണ്ഡല പൂജ നടക്കുന്നതോടെ ഇക്കൊല്ലത്തെ മണ്ഡലകാല പൂജകൾ പൂർത്തിയാക്കി ശബരിമല നടയടക്കും. മകര സംക്രമ പൂജകൾക്കായി 30 ന് വൈകുന്നേരം 5 മണിക്ക് ശബരിമല നട വീണ്ടും തുറക്കും.

Thanka Anki
Comments (0)
Add Comment