വയനാട്: താമരശ്ശേരി ചുരത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പ്രാഥമിക വിലയിരുത്തല്‍. നിലവില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിനു ശേഷം വലിയ വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹിന്കുമാര് സിംഗ് അറിയിച്ചു.
മഴ വീണ്ടും ശക്തമായാല്‍ ചുരം വീണ്ടും അടച്ചിടേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമായിരിക്കും വലിയ വാഹനങ്ങള്‍ കടത്തിവിടണോ എന്ന് തീരുമാനിക്കുക. ചുരത്തിലുണ്ടായത് പോസ്റ്റ് മണ്‍സൂണ്‍ ഇംപാക്ട് ആണെന്ന് മുന്‍ മണ്ണ് സംരക്ഷണ വിദഗ്ധന്‍ പി.യു. ദാസ് പറഞ്ഞു. ശക്തമായ മഴ ലഭിച്ചതിനെ തുടര്‍ന്ന് വെള്ളത്തോടൊപ്പം മണ്ണും കല്ലും ഒലിച്ചു നീങ്ങിയ പ്രതിഭാസമാണിത്. അടുത്ത മണ്‍സൂണിന് മുമ്പ് ചുരത്തില്‍ കൃത്യമായ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ആളുകള്‍ കുറ്റ്യാടി ചുരം വഴിയും നാടുകാണി ചുരം വഴിയുമാണ് വയനാട്ടിലേക്ക് എത്തുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള യോഗത്തിനു ശേഷം വലിയ വാഹനങ്ങള്‍ കടത്തിവിടുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.