താമരശ്ശേരി ഫ്രഷ്‌കട്ട് സംഘര്‍ഷം: 351 പേര്‍ക്കെതിരെ കേസ്, കൊലപാതകശ്രമം; ഡി.വൈ.എഫ്.ഐ. നേതാവ് ഒന്നാം പ്രതി, സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്

Jaihind News Bureau
Wednesday, October 29, 2025

കോഴിക്കോട്: താമരശ്ശേരി ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ് 351 പേര്‍ക്കെതിരെ കേസെടുത്തു. കൊലപാതകശ്രമം, കലാപമുണ്ടാക്കല്‍, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ സമരക്കാര്‍ പൊലീസിനെ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഘര്‍ഷം, പോലീസിനെ മര്‍ദിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി 321 പേരെയാണ് പ്രതിചേര്‍ത്തത്. പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നതടക്കം ഗുരുതര വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ഫാക്ടറിയില്‍ തീയിട്ടതുമായി ബന്ധപ്പെട്ട് 30 പേരെ പ്രതിചേര്‍ത്ത് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. സ്ഫോടകവസ്തു ഉപയോഗിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

പുറത്തുവന്ന സി.സി.ടി.വി. ദൃശ്യങ്ങളില്‍, ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ഫാക്ടറി ആക്രമിക്കുന്നതും അത് തടയാനെത്തിയ പൊലീസുകാരെ വളഞ്ഞിട്ട് മര്‍ദിക്കുന്നതും വ്യക്തമാണ്. അക്രമത്തില്‍ കമ്പനിക്ക് ഏകദേശം 5 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ മഹറൂഫാണ് കേസിലെ ഒന്നാം പ്രതി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സമരസമിതി നേതാക്കളും പ്രതിസ്ഥാനത്തുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. മേഖലയില്‍ കനത്ത പൊലീസ് നിരീക്ഷണം തുടരുകയാണ്.

സംഘര്‍ഷത്തില്‍ കോഴിക്കോട് റൂറല്‍ എസ്.പി. കെ.ഇ. ബൈജു ഉള്‍പ്പെടെ 16 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. കൂടാതെ, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വര്‍ഷമായി അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രദേശവാസികള്‍ സമരം നടത്തിവരികയാണ്.