പിണറായി സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി താമരശ്ശേരി രൂപതയുടെ ഇടയലേഖനം. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അനീതിയാണെന്നും ഇടയലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. എയ്ഡഡ് നിയമനങ്ങള്‍ അട്ടിമറിക്കുന്നു, വന്യമൃഗ ശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇന്ന് രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിലിന്റെ ഇടയലേഖനത്തിലുണ്ട്.
ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കര്‍ഷകരുടെ ആനുകൂല്യങ്ങളും സര്‍ക്കാര്‍ നിഷേധിക്കുന്നതായി ലേഖനത്തില്‍ പറയുന്നു. ഏപ്രില്‍ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താന്‍ തീരുമാനിച്ചതായും ലേഖനത്തില്‍ പറയുന്നു.കാര്‍ഷിക മേഖലയില്‍ സര്‍ക്കാരിന്റെ ഗുണപരമായ ഇടപെടല്‍ ഉണ്ടാവുന്നില്ല. വന്യജീവികളുടെ ആക്രമണത്തിന് ദിനംപ്രതി ജനങ്ങള്‍ ഇരയാകുന്നു. സര്‍ക്കാര്‍ വെറും കാഴ്ചക്കാരായി നില്‍ക്കയാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. ന്യൂനപക്ഷ സ്‌കോളര്‍പ്പില്‍ ഹൈക്കോടതി വിധി നടപ്പാക്കാതെ നികുതിപ്പണം എടുത്ത് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചിരിക്കയാണ്. ക്രൈസ്തവ സമുദായത്തോടുള്ള കടുത്ത അനീതിയാണിത്. ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുകയാണെന്നും ഇടയലേഖനം കുറ്റപ്പെടുത്തുന്നു
സര്‍ക്കാരിനെ വിമര്‍ശിച്ച് കത്തോലിക്ക സഭയും സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ്. ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങള്‍ക്കും വിമര്‍ശനമുണ്ട്. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലറില്‍ പറയുന്നു. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സര്‍ക്കുലര്‍ വായിച്ചു.